പന്തളം ∙ മാർക്കറ്റ് ജംക്ഷനിലെ കൂറ്റൻ മരങ്ങളിൽ തമ്പടിച്ചിരുന്ന പക്ഷിക്കൂട്ടം ഒഴിഞ്ഞു തുടങ്ങിയതോടെ മരത്തിനു ചുറ്റും വല കെട്ടാനുള്ള നടപടിയുമായി നഗരസഭ. ഡിസംബറോടെ ഇവ പൂർണമായി ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് വല കെട്ടാനാണ് തീരുമാനം. മറ്റിടങ്ങളിലേക്ക് മടങ്ങി പോകുന്ന പക്ഷികൾ മേയ്, ജൂൺ കാലയളവിലാണ് മടങ്ങിയെത്തുക.വല കെട്ടിയാൽ ഇവ ഇവിടെ തിരികെയെത്തി കൂടുകൂട്ടാതെ മറ്റ് സ്ഥലം തേടും. മാർച്ചിൽ ഇക്കാര്യത്തിൽ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിരുന്നെങ്കിലും നടപടി മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിൽ വിഷയം വീണ്ടും ചർച്ച ചെയ്തു.
മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാണ് തങ്ങളുടെയും നിലപാടെന്നും എന്നാൽ, വല കെട്ടുന്നതിൽ എതിർപ്പുണ്ടെന്നും പക്ഷിസ്നേഹികളുടെ കൂട്ടായ്മ ‘ആരോ’യുടെ ഫൗണ്ടർ പ്രസിഡന്റ് സിനു പി.സാബു. പക്ഷികൾ വലയിൽ കുരുങ്ങുമെന്നും പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ആശങ്ക. പക്ഷികളെ തുരത്താൻ സൂപ്പർ സോണിക് ലൈറ്റ് പ്രയോഗിക്കുന്നതും മണി കെട്ടിത്തൂക്കി ശബ്ദം ഉണ്ടാക്കുന്നതും പരിഗണിക്കാമായിരുന്നു. ഐയുസിഎന്നിന്റെ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) റെഡ് കാറ്റഗറിയിൽപെട്ട പക്ഷികളെ സംരക്ഷിക്കേണ്ടതാണെന്നും സിനു പറഞ്ഞു.
മരങ്ങളുടെ മുകൾ ഭാഗത്തെ ശിഖരങ്ങൾ നീക്കിയശേഷം വല കെട്ടാനാണ് തീരുമാനം. ഇതിനായി ക്വട്ടേഷൻ ക്ഷണിക്കും. മരങ്ങളിൽ വല കെട്ടി പക്ഷികളെ ഒഴിവാക്കാനും പന്തളത്തെ 14 പൈതൃക മരങ്ങളുടെ സംരക്ഷണത്തിനുമായി ജൈവവൈവിധ്യ ബോർഡ് 2,20,000 രൂപ അനുവദിച്ചിരുന്നു. ഈ തുകയിൽ നിന്നു വലകെട്ടാനും വിനിയോഗിക്കും.