തെന്മല ∙ അരമണിക്കൂർ കൊണ്ട് ഒരു ഗ്രാമത്തിന്റെ ചിത്രം മാറിമറിഞ്ഞു . ശക്തമായ മഴ അര മണിക്കൂർ മാത്രമാണ് നിന്നത്. മഴ പെയ്യുമ്പോൾ സാധാരണ തോടുകളിൽ വെള്ളം നിറയുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസവും ഇതുതന്നെയാകുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ നിമിഷം നേരം കൊണ്ട് എല്ലാം മാറി മറിഞ്ഞു. ഇടപ്പാളയം ആറുമുറിക്കട ആശ്രയ കോളനിക്ക് മുകളിലായി ഉരുൾപൊട്ടിയതോടെ മലവെള്ളം പാഞ്ഞെത്തുകയായിരുന്നു.
കൂറ്റൻ പാറക്കല്ലുകളും മണ്ണും മരവുമെല്ലാം വീടുകളിലേക്കും റോഡിലേക്കും ഒഴുകിയെത്തി. മലവെള്ളം എത്തിയ ഒട്ടുമിക്ക വീടുകളിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇതിൽ നടക്കടവുങ്കൽ മോനച്ചന്റെ വീട്ടിലുംതൊട്ടടുത്ത കലാധരൻ മേശിരിയുടെ വീട്ടിലുമാണ് ആളുകളുണ്ടായിരുന്നത്. മോനച്ചനും കുടുംബവും കലങ്ങിയെത്തുന്ന വെള്ളം വന്നതോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി.
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് ഒഴുകിപ്പോയി. ഇവരുടെ വീടിനു സമീത്തുകൂടി ഒരു ചെറു തോടാണ് ഒഴുകിയിരുന്നത്. ഈ തോട്ടിൽക്കൂടി ഉരുൾപൊട്ടിയെത്തിയ വെള്ളമാണ് ജീപ്പിനെ എടുത്തു മറിച്ചത്. മോനച്ചന്റെ വീടിനു മുന്നിൽ നിന്നു തോട് ഗതിമാറി ഒഴുകുകയും ചെയ്തു. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും 5 എണ്ണം ഭാഗികമായും തകർന്നു. ഇടപ്പാളയം ആശ്രയ കോളനിയിൽ ദൗലത്ത് മുഹമ്മദിന്റെ വീടാണ് പൂർണമായി തകർന്നത്. ഇവരുടെ വീടിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞുവീണു. വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ 5 മീറ്റർ സജിനി, കുമാർ എന്നിവരുടെ വീടുകളിലും എക്കലും മണലും കല്ലും അടിഞ്ഞു കിടക്കുകയാണ്.
ആറുമുറിക്കടയ്ക്ക് സമീപം നടക്കടവുങ്കൽ മോനച്ചൻ, 4 സെന്റ് കോളനി കലാധരൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി നാശമുണ്ടായി. റെയിൽവേ പാതയിൽ നിന്നു മലവെള്ളം ഒലിച്ചെത്തിയതിനെ തുടർന്ന് ദേശീയപാതയുടെ വശത്തുള്ള ശ്രീദേവി പ്രകാശ്, സുനിൽ എന്നിവരുടെ വീട്ടിലും വെള്ളം ചെളിയും കയറിയിരുന്നു.. സമീപത്തുള്ള അംബിക,സജിനി, കുമാർ എന്നിവരുടെ വീടുകളിലും എക്കലും മണലും കല്ലും അടിഞ്ഞു കിടക്കുകയാണ്.