പടിഞ്ഞാറത്തറ ∙ ചുരം ഡിവിഷനു കീഴിൽ ആയിരുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ ജില്ലയിലെ വനാതിർത്തി വരെയുള്ള ഭാഗം വയനാട് റോഡ് ഡിവിഷനിലേക്കു മാറ്റിയത് വികസന പ്രതീക്ഷയാകുന്നു. പടിഞ്ഞാറത്തറ ടൗണിൽ നിന്ന് ജില്ലാ അതിർത്തിയായ കരിങ്കണ്ണി വരെയുള്ള ഭാഗമാണ് വയനാട് റോഡ് ഡിവിഷനിലേക്ക് മാറിയത്.
അതോടെ റോഡിന് ആവശ്യമായ അറ്റകുറ്റപ്പണികളും നിർമാണ പ്രവൃത്തികൾക്കും താമസം നേരിടുന്നതു പതിവാകുകയും ചില പ്രവൃത്തികൾ നിരസിക്കപ്പെട്ട അവസ്ഥയും ഉണ്ടായിരുന്നു. തുടർന്ന് ജില്ലാ റോഡ് ഡിവിഷനിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി.
പടിഞ്ഞാറത്തറ മുതൽ കരിങ്കണ്ണി വരെയുള്ള 7.225 കിലോമീറ്റർ ദൂരമാണ് വയനാട് ഡിവിഷനു കീഴിലേക്കു മാറിയത്. ഇതിൽ 5.5 കിലോമീറ്റർ ടാറിങ് റോഡും ശേഷിക്കുന്നത് വനത്തിലൂടെയുള്ള മൺപാതയുമാണ്. ഈ റോഡ് കൂടാതെ ചുരം ഡിവിഷനിലെ തലശ്ശേരി-ബാവലി റോഡിലെ നെടുംപൊയിൽ-ചന്ദനത്തോട് ഭാഗവും കൊട്ടിയൂർ-ബോയ്സ് ടൗൺ റോഡിലെ അമ്പായത്തോട്-ബോയ്സ് ടൗൺ ഭാഗവും കണ്ണൂർ റോഡ് ഡിവിഷനിലേക്കും മാറ്റി ഉത്തരവ് ആയിട്ടുണ്ട്.