കരുവാരകുണ്ട് ∙ ഇസ്മായിലിന്റെ കുഞ്ഞാലിപ്പൂച്ച ഇനി സിനിമയിൽ അഭിനയിക്കും . ജോയ് മാത്യു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ‘ലാ ടൊമാറ്റിനോ’എന്ന സിനിമയിലാണ് മുഴുനീള കഥാപാത്രമായി കുഞ്ഞാലിപ്പൂച്ച അഭിനയിക്കുന്നത്. കരുവാരകുണ്ട് കക്കറ കൈപ്പുള്ളി ഇസ്മായിൽ ഒന്നര വർഷം മുൻപാണ് പേർഷ്യൻ പൂച്ചയെ വാങ്ങിയത്. പൂച്ചയ്ക്ക് കുഞ്ഞാലിയെന്ന് പേരും നൽകി.
കെഎസ്ഇബിയിൽ ലൈൻമാനായ ഇസ്മായിലിന് വൈദ്യുതി വകുപ്പിൽ ഓവർസീയറും ചിത്രത്തിന്റെ സംവിധായകനുമായ സജീവൻ അന്തിക്കാടുമായുള്ള പരിചയമാണ് കൂഞ്ഞാലിപ്പൂച്ചയ്ക്ക് സിനിമയിൽ അവസരമൊരുക്കിയത്.ജോയ് മാത്യു മാധ്യമപ്രവർത്തകനായി വേഷമിടുന്ന ചിത്രത്തിൽ നായകനൊടൊപ്പം മിക്ക രംഗങ്ങളിലും പൂച്ചയുണ്ട്. സിനിമയിൽ ക്ലിന്റൺ കുഞ്ഞാലി എന്നാണ് പൂച്ചയ്ക്കു പേര് നൽകിയത്. കാലടി, നാട്ടിക തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. അടുത്ത മാസത്തോടെ ചിത്രീകരണം പൂർത്തിയാകും.