വൈക്കം ∙ കെടിഡിസിയുടെ ബസ് റസ്റ്ററന്റ് ഒരുമാസമായി ഉദ്ഘാടനത്തിന് മന്ത്രിമാർ വരുന്നതും കാത്തിരിക്കുന്നു. ഈ മാസം ഒൻപതിന് ഗതാഗത മന്ത്രി ആന്റണി രാജു, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു തീരുമാനം. ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെങ്കിലും മന്ത്രിമാരുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. മന്ത്രിമാരുടെ ഡേറ്റ് ലഭിക്കുന്നതനുസരിച്ച് നടത്തുമെന്ന് കെടിഡിസി അധികൃതർ പറയുന്നു.
വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽ ഓടാതെ കിടന്ന വേണാട് ബസ് നവീകരിച്ചാണ് രണ്ടു നിലയിലായി പുതിയ റസ്റ്ററന്റ് ഒരുക്കിയത്. താഴത്തെ നില മുഴുവനായും എയർ കണ്ടിഷൻ ചെയ്തിട്ടുണ്ട്. രണ്ടാം നില ഓപ്പൺ ഡെക്ക് രീതിയിലാണ്. നിർമാണം പൂർത്തീകരിച്ച സമയത്ത് വൈദ്യുത ദീപപ്രഭയിൽ കായലോരത്ത് പ്രൗഢിയോടെ നിന്നിരുന്ന ബസ് കാണാൻ ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. അടുത്ത ദിവസം മുതൽ തുറക്കുമെന്ന പ്രതീക്ഷയിൽ മടങ്ങിയവരിൽ പലരും നിരാശരായി. ഇപ്പോൾ വൈദ്യുത ദീപങ്ങളുടെ ആർഭാടം ഒന്നുമില്ലാതെ കായലോരത്ത് വിശ്രമിക്കുകയാണ് ഈ റസ്റ്ററന്റ്. കെടിഡിസി 40 ലക്ഷം രൂപ മുടക്കിയാണ് റസ്റ്ററന്റുകൾ സജ്ജീകരിച്ചത്.
ഇനിയും ഇതുപോലുള്ള പുത്തൻ സoരംഭങ്ങൾ ജനങ്ങളുടെ ആവേശം കൂട്ടുമെന്ന് കരുതാം