ദുബൈ: ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചെടുത്ത എക്സ്പോ 2020 ദുബൈ ആവേശം വിതറി ഒരു മാസം പിന്നിടുന്നു. സെപ്റ്റംബർ 30ന് രാത്രി ഉദ്ഘാടനം ചെയ്യപ്പെട്ട വിശ്വമേളയിൽ, പിറ്റേന്ന് മുതൽ ആരംഭിച്ച സന്ദർശകരുടെ പ്രവാഹം 20ലക്ഷത്തിനടുത്തെത്തി. ടിക്കറ്റ് എടുത്ത് മേളക്ക് എത്തിയവരുടെ എണ്ണം മാത്രമാണിത്. വളണ്ടിയർമാരും ക്ഷണിതാക്കളും മാധ്യമപ്രവർത്തകരുമടക്കമുള്ള ആയിരക്കണക്കിന് പേർ ഇതിന് പുറമെയും എക്സ്പോ ആസ്വദിക്കാൻ എത്തിയിട്ടുണ്ട്. സംഘാടകരുടെ പ്രതീക്ഷക്കൊത്ത സന്ദർശക പ്രവാഹമാണ് ആദ്യമാസത്തിൽ അനുഭവിക്കാനായത്. വാരാന്ത അവധിദിനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ എത്തിച്ചേർന്നത്.
ബസ്, മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളാണ് കൂടുതൽ പേരും ഉപയോഗപ്പെടുത്തിയതെന്നതാണ് മറ്റൊരു സവിശേഷത. ഒക്ടോബർ മാസം മുഴുവൻ എക്സ്പോ സന്ദർശിക്കുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തിയത് സന്ദർശകർ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മിക്കവരും പലതവണകളായി മേളയിലെത്തി പവലിയനുകൾ സന്ദർശിച്ചു. അഞ്ചോ ആറോ ദിവസം പൂർണമായും നഗരിയിൽ ചിലവഴിച്ചാലേ മേള പൂർണമായും കണ്ടുതീർക്കാൻ സാധിക്കൂ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സൗദി, റഷ്യ, യു.എ.ഇ, ബ്രസീൽ, ഇന്ത്യ, യു.എസ്.എ തുടങ്ങിയ പവലിയനുകളാണ് ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത്.
തുടക്കംമുതൽ ഈ പവലിയനുകൾക്ക് മുന്നിൽ നീണ്ട വരി ദൃശ്യമായിരുന്നു. ഇവയുടെ വ്യത്യസ്തമായ ബാഹ്യഭംഗി വളരെ പെട്ടെന്ന് സന്ദർശകരെ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യൻ പവലിയൻ ഒന്നര ലക്ഷത്തോളം സന്ദർശകരെ സ്വീകരിച്ചു. ഇന്ത്യയുടെയും വിവിധ രാഷ്ട്രങ്ങളുടെയും പ്രമുഖരടക്കം ഇതിനകം പവലിയനിലെത്തിയിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ, കർണാടക സംസ്ഥാനങ്ങളുടെ വിവിധ കലാ സാംസ്കാരിക പ്രകടനങ്ങളും ഭക്ഷ്യമേളകളും ഇതിനകം നടത്തിയിട്ടുണ്ട്. ദീപാവലിക്ക് മുമ്പായി നടന്ന നൃത്തസംഗീത പരിപാടികൾ കാണാൻ നിരവധിപേർ എത്തിച്ചേർന്നിരുന്നു. സംഗീത പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയത് എ.ആർ റഹ്മാൻ നേതൃത്വം നൽകിയ ‘ഫിർദൗസ്’ ഓർകസ്ട്രയുടെ പരിപാടി കാണാനാണ്. ബ്രിട്ടീഷ് സംഗീതഞ്ജൻ സമി യൂസുഫ്, അറബ് ഗായകൻ ഖാദിം അൽ സാഹിർ എന്നിവരുടെ പ്രകടനം കാണാനും ആയിരങ്ങൾ ഒഴുകിയെത്തി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe