മാന്നാർ ∙ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കം കെടുതികൾ തുടരുന്നു, ദുരിതബാധിതർ പൂർവ സ്ഥിതിയിലേക്കു മടങ്ങാൻ ഇനിയും സമയമെടുക്കും, അണക്കെട്ടുകൾ തുറന്നു വിടുമെന്ന ഭീതി, ശക്തമായ മഴയുടെയും ഭീഷണി നിലനിൽക്കുമ്പോഴാണ് ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ ക്യാംപുകളിൽ നിന്നും ദുരിതബാധിതർ വീടുകളിലെത്തിയത്. വീടിനുള്ളിൽ പോലും രണ്ടടിയിലേറെ വെള്ളമുണ്ടായിരുന്ന സ്ഥാനത്താണ് അഭയം തേടി ക്യാംപുകളിലെത്തിയത്.എന്ത് ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ
സ്കൂൾ തുറക്കലിന്റെ മുന്നോടിയായി ക്യാംപുകളൊഴിയേണ്ട സാഹചര്യമാണ് ദുരിത ബാധിതരിൽ പലർക്കും ഉണ്ടായത്. കഷ്ടിച്ച് ഒരാഴ്ച കഴിച്ചു കൂട്ടി വീട്ടിലെത്തിയപ്പോൾ പോയതിനെക്കാൾ ദുരിതാവസ്ഥയാണ് വീടും പരിസരവും. വീടിനുള്ളിൽ ചെളിയും പായലും പോളകളും അജൈവ മാലിന്യം കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം നീക്കം ചെയ്യുന്നതിനു ഏറെ പണിപ്പെട്ടേണ്ടി വന്നത്. എന്നാൽ വീടിനു പുറത്തിറങ്ങണമെങ്കിലും മുട്ടറ്റം വെള്ളം താണ്ടേണ്ട സ്ഥിതിയാണ് ഈ അപ്പർകുട്ടനാട്ടുകാർക്ക്.
മാന്നാർ പഞ്ചായത്ത് 18–ാം വാർഡിലെ മണപ്പുറം ഭാഗത്തെ പത്തോളം വീട്ടുകാരുടെ സ്ഥിതി ഇതിൽ ഏറെ പരിതാപകരം തന്നെ. വീടിനു ചുറ്റം കറുത്ത നിറത്തിലുള്ള വെള്ളക്കെട്ട്. ശുദ്ധജലത്തിനു അര കിലോമീറ്റർ ദുരം നടന്നു പോകേണ്ട അവസ്ഥ. ഇവിടെ ജില്ലാ പഞ്ചായത്തിന്റെ മിനി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള കുണൽ കിണറുണ്ടെങ്കിലും ഗുണഭോക്താക്കളുടെ കമ്മിറ്റി വൈദ്യുതി ചാർജ് അടക്കാത്തതിനാൽ പ്രവർത്തന ക്ഷമമല്ല. പഞ്ചായത്താകെ ജലജീവൻ പദ്ധതിയുണ്ടെങ്കിലും മണപ്പുറത്തേക്ക് പദ്ധതിയെത്തിയിട്ടില്ല.
പൈപ്പുകൾ നോക്കുകുത്തിയായി കറുത്തിരുണ്ട വെള്ളത്തിൽ നിൽക്കുന്നു. ഇവിടേക്കുള്ള പാത പായൽ കയറി മൂടി കിടക്കുകയായിരുന്നു. വീട്ടുകാർ ചേർന്നു പായൽ നീക്കിയാണ് നടപ്പാതയൊരുക്കി. ഇവിടത്തെ പാതയിൽ ഇപ്പോഴും വെള്ളമുണ്ട്. വേഴത്താർ പാടത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടത്തുകാരുടെ ദുരിതത്തിനു അടുത്തെങ്ങും പരിഹാരമുണ്ടാനിടയില്ല.