ഇക്കാലത്ത് ആത്മീയത എന്നൊക്കെപ്പറഞ്ഞാൽ അവനെ, ലവന്മാർ സംഘികളാക്കും. സ്വാമി എന്നു പറഞ്ഞു പോയാൽ തീർന്നു. “ധ്യാനം ” എന്നൊരു പുസ്തകത്തിൻ്റെ പേര് കേട്ടതേയുള്ളൂ. അതിലെന്താണെന്നു പോലും മറിച്ചു നോക്കാതെ ഇപ്പോഴത്തെ സർക്കാരിൻ്റെ പുസ്തക വിതരണ ശൃംഖലയായ ബുക്ക്മാർക്കിലെ കോത്താഴത്ത് രാമന്മാർ ആ പുസ്തകത്തെ ഏഴയലത്തു പോലും അടുപ്പിച്ചില്ല. വിതരണത്തിന് എടുത്തില്ല.!ഇനി വല്ല വയ്യാവേലിയും എടുത്ത് തലയിൽ വച്ച് സർക്കാരിന് തലവേദനയുണ്ടാക്കിയാൽ ബുദ്ധിമുട്ടി ഒപ്പിച്ചെടുത്ത സെക്രട്ടറി കസേര പോയെങ്കിലോ എന്നോർത്തിട്ടുയിരിക്കാം. വയറ്റുപ്പിഴപ്പിൻ്റെ പ്രശ്നമല്ലേ? പാവം വെറുതെ വിട്ടേക്കാം.
ഈ അവസരത്തിലാണ് ഒരു സ്വാമിയെപ്പറ്റി, അതും നാനാത്വത്തിൽ ഏകത്വം ദർശിച്ച മലബാറിലെ വാഗ്ഭടാനന്ദ സ്വാമിയെപ്പറ്റി കെ ജയകുമാർ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി ഇന്നലെ തിരുവനന്തപുരത്ത് പ്രദർശിപ്പിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയുടെ സ്ഥാപകനായ വാഗ്ഭടാനന്ദ സ്വാമിയെപ്പറ്റിയുള്ള ചിത്രീകരണമായിരുന്നു.
ഊരാളുങ്കൽ സൊസൈറ്റി എന്ന് കേരളത്തിൻ്റെ ചെവിയിൽ ശരിയായി മുഴങ്ങുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിടിച്ച് അകത്തിട്ടപ്പോഴാണ്. സ്വർണ്ണ കേസിനെ തുടർന്ന് സംശയം തോന്നിയവരേയും അല്ലാത്തവന്മാരെയും തൂത്തു പെറുക്കുന്നതിനിടയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വലയിൽ വീണു പോയി ഊരാളുങ്കൽ സൊസൈറ്റിയും. അപ്പോഴാണ് എല്ലാരും അറിയുന്നത് ഇതേതാണ്ട് മഹാ സംഭവമാണെന്ന്. കോടികൾ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്ന സഹകരണസംഘമാണ് അതെന്ന് ജനത്തിന് ബോധ്യമായി.
മാത്രമോ, അതിൻ്റെ ഒരു രോമത്തിൽ തൊടാൻ പോലും ഇ ഡിയ്ക്ക് പറ്റിയില്ല. വടക്കേ ഇന്ത്യയിലെ ചില കയ്യിട്ടു വാരി സൊസൈറ്റികളെ പോലെ യാണെന്നു കരുതിയോ കേരളത്തിലെ ഊരാളുങ്കൽ സൊസൈറ്റി? അതിൻ്റെ സ്ഥാപകൻ കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനത്തിൻ്റെ പിതാവാണ്. വാഗ്ഭടാനന്ദ സ്വാമി.
ഞാൻ പറഞ്ഞു വരുന്നത് ഇക്കാലത്ത് ആത്മീയത എന്ന് വല്ലതും പറഞ്ഞു പോയാൽ ലവനെ സംഘിയാക്കാൻ കാത്തിരിക്കുമ്പോഴാണ് വാഗ്ഭടാനന്ദനെപ്പറ്റിയുള്ള ഡോക്യുമെന്ററി കവി കെ ജയകുമാർ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു സിനിമ എടുക്കാനുള്ള പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രധാനികൾ എം മുകുന്ദനെയാണ് ആദ്യം സമീപിച്ചത്. മുകുന്ദൻ ആ പണി കെ ജയകുമാറിൻ്റെ ചുമലിലേക്ക് കൈമാറി.
ഷാജി കൈലാസിനെ വല്ലതും സമീപിച്ചിരുന്നെങ്കിൽ ഗോകുലം ഗോപാലനുവേണ്ടി വിനയൻ ചെയ്യുന്നതുപോലെ ഒരു സിനിമയായിത്തീരുമായിരുന്ന സംഗതി ബുദ്ധിമാനായ കെ ജയകുമാർ ഒരു ഡോക്യുമെന്ററിയിലൊതുക്കി. കഥാനായകൻ്റെ വ്യക്തി പ്രഭാവം പുറത്തു കൊണ്ടുവന്നു. അല്ലെങ്കിൽ വെള്ളം കുടിച്ചു പോയേനേ.
ആരാണ് ഈ വാഗ്ഭടാനന്ദൻ എന്നല്ലേ? ഇങ്ങ് തെക്ക് ശ്രീനാരായണ ഗുരു ആത്മീയഅരങ്ങു വാഴുമ്പോൾ അങ്ങ് വടക്ക് തലശ്ശേരിക്കും കൂത്തുപറമ്പിനും മധ്യേയുള്ള പാട്യം എന്ന ഗ്രാമത്തിൽ 1885 ലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിനോടൊപ്പം!. അതേ വർഷ മാണെന്നു മാത്രം. ഏപ്രിൽ 27 ന്.
കോൺഗ്രസ്സ് മൂത്തു നിന്ന 1939 ഒക്ടോബർ 29 ന് അദ്ദേഹം മരിക്കുകയും ചെയ്തു. ഇന്ന് “വാഗ്ഭടാനന്ദൻ ” എന്നറിയപ്പെടുന്ന കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ചരമദിനമാണ്. 55 വയസ്സിനിടയിലെ 10 വർഷത്തിലാണ് വാഗ്ഭടാനന്ദൻ കാര്യങ്ങൾ ചെയ്തു കൂട്ടിയത്. പണ്ഡിതൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, പത്രാധിപർ എന്നു വേണ്ട സർവ്വമതസ്ഥരുടേയും തോളിൽ കൈയ്യിട്ടു നടന്ന് പുലയക്കുടിയിൽ സമൂഹസദ്യനടത്തി, കള്ളുഷാപ്പുകൾ പൂട്ടിച്ച്, മുഖ്യധാരയിലടുപ്പിക്കാത്ത തൊഴിലാളികളെ സംഘടിപ്പിച്ച് സഹകരണസംഘമുണ്ടാക്കിയ സന്യാസിയായ ഗൃഹസ്ഥാശ്രമിയായിരുന്നു വാഗ്ഭടാനന്ദൻ.
“ആത്മവിദ്യാസംഘ “ത്തിൻ്റെ സ്ഥാപകനായിരുന്നു. 1920 – 30 കാലത്താണ് പ്രവർത്തനങ്ങൾ സജീവമായത്. മറ്റ് സ്വാമിമാരെപ്പോലെ സന്യാസദീക്ഷ സ്വീകരിച്ചില്ല. വാഗ്മയീ ദേവിയോടൊപ്പം ദാമ്പത്യ ബന്ധിതൻ കൂടിയായിരുന്നു വയലേലി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ! അതായിരുന്നു അദ്ദേഹത്തിൻ്റെ യഥാർഥ പേര്. അതിൻ്റെ ചുരുക്കപ്പേരായ വി കെ ഗുരുക്കൾ എന്ന പേരിൽ പരക്കെ പ്രസിദ്ധനായി. ആദ്യ കാലഗുരുവായ ബ്രഹ്മാനന്ദ ശിവയോഗിയാണ് വി കെ ഗുരുക്കളെപ്പിടിച്ച് “വാഗ്ഭടാനന്ദ “നാക്കിയത്.
1898 ൽ ബ്രഹ്മസമാജത്തിൻ്റെ ആദ്യത്തെ ശാഖ അയ്യത്താൻ ഗോപാലൻ കോഴിക്കോട് ആരംഭിച്ചപ്പോൾ വാഗ്ഭടാനന്ദൻ അതിൻ്റെ അനുഭാവിയായി. അതിലങ്ങ് കൂപ്പുകുത്തി വീണു. വിഗ്രഹാരാധനാ നിഷേധവും ഏക ദൈവ വിശ്വാസവും. എന്നാൽ ബ്രഹ്മാനന്ദ ശിവയോഗിയാകട്ടെ എല്ലാ വിധ ദൈവ സങ്കല്ലങ്ങൾക്കും എതിരായിരുന്നു. അതോടെ ഗുരുവും ശിഷ്യനും ആശയപരമായി അകലാൻ തുടങ്ങി. അകലുന്നതിന് മുമ്പ് “ശിവയോഗി വിലാസം ” എന്ന പേരിലൊരു മാസിക അദ്ദേഹം നടത്തിയിരുന്നു.
ശിവയോഗിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം “യോഗി” എടുത്തു കളഞ്ഞ് “യോഗം” ചേർത്ത് അതിനെ “ശിവയോഗ വിലാസ”മാക്കി. ശിവയോഗിയുടെ ആശയം പ്രചരിപ്പിക്കാനുള്ള മാസിക അതോടെ സ്വതന്ത്രമായി. അതാണ് വാഗ്ഭടാനന്ദൻ, എപ്പോൾ എവിടെ ആരെന്നു നോക്കാതെ ഗുരുവിനെപ്പോലും വെട്ടും. സംസ്കൃത പണ്ഡിതനായിരുന്നു വയലേരി ചീരുവമ്മയുടേയും വാഴപ്പള്ളി കോരൻ ഗുരുക്കളുടെയും മകൻ. കാവ്യനാടകാലങ്കാരങ്ങളിലും വ്യാകരണത്തിലും തർക്കത്തിലും കൊച്ചിലേ നമ്പർ വൺ ആയി. അക്കാലത്തെ ബ്രാഹ്മണ പണ്ഡിതവരേണ്യൻമാരെയെല്ലാം ഒറ്റയ്ക്ക് വിജ്ഞാന ഗോദയിൽ മലർത്തിയടിച്ച് കുഞ്ഞിക്കണ്ണൻ ഗുരുക്കൾ മലബാർ വാണു! ഒരിടത്തും വീണു പോയില്ല.
ഒന്നിലും അടിയറവു പറഞ്ഞതുമില്ല. “ആത്മവിദ്യ” എന്ന ഒറ്റ കൃതി മതിയല്ലോ വാഗ്ഭടാനന്ദൻ്റെ മഹത്വം അറിയാൻ! പ്രാർഥനാഞ്ജലി എന്നൊരു ഗ്രന്ഥം വേറെയുമുണ്ട്. 1929ൽ “ആത്മവിദ്യാകാഹളം”. എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. “അഭിനവ കേരളം” എന്ന അദ്ദേഹത്തിൻ്റെ മാസികയിൽ ആപ്തവാക്യങ്ങളായി രണ്ട് വരി രേഖപ്പെടുത്തിയിട്ടുണ്ട്. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ/ ക്ഷണമെഴുനേൽപ്പിൻ, അനീതിയോടെതിർപ്പിൻ ഒടുവിൽപ്പറഞ്ഞ കാര്യമാണ് പുതുകാലത്തും വാഗ്ഭടാനന്ദനെ പ്രസക്തമാകുന്നത്. അതുകൊണ്ടു തന്നെയാണ് സുകുമാർ അഴീക്കോട് 1988 ൽ പ്രസിദ്ധപ്പെട്ടത്തിയ ” വാഗ്ഭടാനന്ദൻ്റെ സമ്പൂർണ്ണകൃതികളുടെ 23-ാം പുറത്ത് അവതാരികയിൽ ഇങ്ങനെ എഴുതിയത്.
“വിചാരത്തിൻ്റെ നവീകരണത്തിനും ബുദ്ധിപരമായ സ്വതന്ത്രൃത്തിനും വേണ്ടി ഗുരുദേവൻ ചെയ്ത സംഭാവനകൾ കുറെയെങ്കിലും ചെയ്തവർ മൊയാരത്ത് ശങ്കരനെയും ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിനേയും പോലുള്ളവരാണ്. ആസ്തിക്യബോധത്തേയും അനീതി നിഷേധത്തേയും ഇത്രമാത്രം സമന്വയിപ്പിച്ച ഒരാചാര്യൻ കേരളത്തിൽ ഉണ്ടായിട്ടില്ല.”
മതനവീകരണ പ്രശ്നങ്ങളിലും ആത്മീയ കാര്യവിചാരങ്ങളിലും മാത്രമല്ല സാഹിത്യ പ്രഭാഷണങ്ങളിലും പുലിയായിരുന്നു വാഗ്ഭടാനന്ദൻ. നമ്മുടെ സുകുമാർ അഴീക്കോട് അദ്ദേഹത്തിൻ്റെ കാൽക്കൽ സാഷ്ടാംഗപ്രണാമം ചെയ്യുമായിരുന്നു. വാഗ്ഭടാനന്ദൻ്റെ സമ്പൂർണ്ണകൃതി എഡിറ്റ് ചെയ്ത് അവതാരിക എഴുതി പ്രസിദ്ധപ്പെടുത്തിയതും അഴീക്കോടാണ്. ഇടശ്ശേരി ഗോവിന്ദൻ നായർ ഒരു കവിത തന്നെ വാഗ്ഭടനെപ്പറ്റി അങ്ങ് എഴുതി. “അനാചാരങ്ങളാൽ, നാനാ/ ദൈവതാരാധന ങ്ങളാൽ/ നശിക്കെ, നമ്മൾക്കൊരേകീ/ ബ്രഹ്മദ്ധ്യാനാനു ശീലനം?/ അദ്ദേവഗുരു സങ്കാശൻ / വാഗ്ഭടാനന്ദദേശികൻ /ജനിച്ച നാട്ടിലിന്നാട്ടിൽ / ജനിച്ചേൻ ,ഭാഗ്യശാലി ഞാൻ!”/ മലബാറിലെ ആത്മീയ നവോത്ഥാനത്തിന് പാഠശാലകൾ സംഘടിപ്പിച്ചും പ്രഭാഷണങ്ങൾ നടത്തിയും ജനവികാരങ്ങളെ കൂടെ നിർത്തിയ ആത്മീയാചാര്യനാണ് വാഗ്ഭടാനന്ദൻ.
ഇനി “വാഗ്ഭടാനന്ദ ഗുരുദേവൻ നവോത്ഥാനത്തിൻ്റെ അരുണോദയ കാഹളം” എന്ന ഡോക്യുമെന്ററിയിലേക്ക് വരാം. ആത്മീയം എന്ന് കേട്ടാൽ കലിതുള്ളുന്ന ഇടതുപക്ഷക്കാർക്ക് ഡോക്യുമെന്ററിയിൽ ഇടക്കിടെ കെ ജയകുമാർ “ഓം” ചിഹ്നം ആനമാർക്കിൽ എഴുതിക്കാണിക്കുന്നത് രുചിക്കാനിടയില്ല. പുരോഗമനാശയക്കാരനായ വാഗ്ദടാനന്ദനെ ഇന്ന് ഇടത് പക്ഷമാണ് തലയിലേറ്റുന്നത്.
ഊരാളുങ്കൽ സൊസൈറ്റിയിലൂടെയാണ് അദ്ദേഹം ഇപ്പോൾ പ്രകാശം പരത്തുന്നത്. അതിനിടയിലാണ് സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന”ഓം”ൻ്റെ വിന്യാസം. ആ ഒരൊറ്റ ബിംബം കൊണ്ടു തന്നെ വാഗ്ഭടാനന്ദൻ്റെ ജീവിതവും ആദർശവും വ്യക്തമാണ്. സംവിധായകന് കൈയ്യടി. എന്നാൽ ചിത്രം നിർമ്മിച്ചത് സി പി എം അനുഭാവക്കാരാണെങ്കിലും എഴുതി സംവിധാനം ചെയ്ത സംവിധായകൻ എം കൃഷ്ണൻ നായരുടെ മകൻ കെ ജയകുമാറിന് വാഗ്ഭടാനന്ദൻ്റെ ചങ്കിലേ ചുവപ്പിൽ “ഓം” കാണാൻ കഴിഞ്ഞതിലെ ധീരതയെയാണ് ഞാൻ പ്രശംസിക്കുന്നത്.
അല്ലാതെ ചെങ്കൊടിയും അരിവാൾ ചുറ്റിക നക്ഷത്രവുമല്ലല്ലോ ബിംബവൽക്കരിച്ചത്! മറ്റ് സഖാക്കമാർ വല്ലതുമായിരുന്നെങ്കിൽ വയലാറിൻ്റെ യോ ഏഴാച്ചേരിയുടേയോ പ്രഭാവർമ്മയുടേയോ ഒരു കവിതയുടെ അകമ്പടിയിൽ മുഷ്ടി ചുരുട്ടി സ്ക്രീനിൽ പതപ്പിച്ച് അതിനിടയിൽ പിണറായിയുടെ തല കാണിച്ച് അവസാനിപ്പിച്ചേനേ.! അതിൻ്റെ സ്ഥാനത്താണ് കെ ജയകുമാർ അർഥവത്തായ “ഓം” ചിഹ്നം എഴുതിക്കാണിച്ചത്. ഇനി എനിക്കൊരു സംശയമേ ബാക്കിയുള്ളൂ. യഥാർഥ വാഗ്ഭടാനന്ദ സ്വാമിയെ കാട്ടിത്തന്ന കെ ജയകുമാറിനെ ഇവന്മാരൊക്കെപ്പിടിച്ച് സംഘി യാക്കിയേക്കുമോ എന്നാണ്!.
ഈ തെക്കൻ നായർ വന്ന് ഞങ്ങളുടെ കാവിയുപേക്ഷിച്ച ഗുരുക്കളെപ്പിടിച്ച് കാവി പുതപ്പിച്ചില്ലേ എന്നും പറഞ്ഞ് വടക്കൻ ചാവേറുകൾ കുറ്റിയും പറിച്ച് വന്നേക്കുമോ എന്ന സന്ദേഹം മാത്രമേയുള്ളൂ. ഞാനൊന്നും പറഞ്ഞിട്ടില്ല!. ചുരുക്കത്തിൽ, ചുവപ്പു കണ്ട കാളയെപ്പോലെയാകുമോ “ഓം” കാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി?.
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe