പെരിങ്ങര ∙ ജില്ലയിലെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണു പിഎംവി ഹൈസ്കൂളിൽ എത്തുന്ന കുട്ടികളെ ഇത്തവണ വരവേൽക്കാനൊരുങ്ങുന്നത്. ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളാണ് പച്ചത്തുരുത്തിനെ പരിപാലിക്കുന്നത്. ഒന്നര വർഷം മുൻപ് സംസ്ഥാനത്ത് സ്കൂളുകൾ കോവിഡ് കാരണം അടച്ചശേഷമാണ് ഇവിടെ മാതൃകാ പച്ചത്തുരുത്ത് സൃഷ്ടിച്ചത്.
ഇരുനൂറിൽ അധികം ജീവജാലങ്ങളെ ഉൾപ്പെടുത്തിയാണ് മാതൃകാ പച്ചത്തുരുത്ത് വികസിപ്പിച്ചത്. ഓരോ വൃക്ഷവും ഏതു വിഭാഗത്തിൽപെട്ടതാണെന്നും അതിന്റെ ജൈവനാമം എന്താണെന്ന് അറിയുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തോട് നവീകരണം, വൃക്ഷങ്ങളുടെ പേര്, ഉപയോഗം എന്നിവ കാണിക്കുന്ന ബോർഡുകൾ, നടപ്പാത, ബെഞ്ച്, ഓപ്പൺ ക്ലാസ് റൂം, ജൈവവേലി, ശുചിമുറി തുടങ്ങിയവ മാതൃകാ പച്ചത്തുരുത്തിന്റെ ഭാഗമായി ഒരുക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. കോവിഡ് കാലത്ത് മുടങ്ങിയ ജോലികൾ ഇനി വിദ്യാർഥികളുടെ സഹകരണത്തോടെ നടത്താൻ കഴിയും.ഇതൊരു പുത്തൻ ഉണർവ് ആകുമെന്നാണ് പ്രതീക്ഷ