കൊല്ലം ∙ജില്ലയിൽ സിനിമാ പ്രദർശനത്തിന് മങ്ങിയ തുടക്കം. ചുരുക്കം തിയറ്ററുകളിൽ മാത്രമാണ് ഇന്നലെ സിനിമ പ്രദർശനം ആരംഭിച്ചതെങ്കിലും ഓരോ ഷോ കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി വരുന്നത് പ്രതീക്ഷ നൽകുന്നതായി തിയറ്റർ ഉടമകൾ പറയുന്നു. കൊല്ലം നഗരത്തിൽ പാർഥ, സാരഥി തിയറ്ററുകളിലാണ് ഇന്നലെ പ്രദർശനമുണ്ടായിരുന്നത്. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, മറ്റൊരു ബോളിവുഡ് ചിത്രമായ വെനം ടു എന്നിവയാണ് പ്രദർശിപ്പിച്ചത്.
മോണിങ് ഷോയ്ക്കു മുപ്പതോളം പേർ മാത്രമേ ഒരു തിയറ്ററിൽ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഫസ്റ്റ് ഷോ ആയതോടെ 50 ശതമാനം സീറ്റുകളിലും കാഴ്ചക്കാർ എത്തിയെന്ന് ഈ തിയറ്ററുകളുടെ ഉടമയായ ഷാജി വിശ്വനാഥ് പറഞ്ഞു. ആദ്യദിനത്തിലെ കാഴ്ചക്കാരിലേറെയും യുവാക്കളായിരുന്നു. ഓൺലൈനായും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്.സിനിമ ആസ്വദിക്കുന്ന ആളുകൾ ഉള്ളടുത്തോളം കാലം തിയേറ്ററുകൾ പൂട്ടേണ്ട അവസ്ഥ ഉണ്ടാകില്ല
വാക്സീൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്ത ശേഷമാണ് ഇതുവഴി ടിക്കറ്റുകൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങും. മലയാളം, തമിഴ് സിനിമകൾ പ്രദർശനത്തിന് എത്തുമ്പോഴേക്കും തിരക്ക് വർധിക്കുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.