കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘകരെ (Labour and residence violators) കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് (Kuwait) അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 662 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് (Expats deported) ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. 447 പുരുഷന്മാരെയും 215 സ്ത്രീകളെയുമാണ് ഇങ്ങനെ അഞ്ച് ദിവസത്തിനുള്ളില്‍ നാടുകടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിയമലംഘകരെ കണ്ടെത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപക പരിശോധനയാണ് ദിവസവും നടന്നുവരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് തമര് അല്‍ അലിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ നവാഫ് അല്‍ അഹ്മദിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കും രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാന്‍ നേരത്തെ സമയം നല്‍കിയിരുന്നു. ആദ്യം നല്കിയ സമയ പരിധി പിന്നീട് പല തവണ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ശക്തമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയുമാണ് ചെയ്യുന്നത്.