കൊട്ടാരക്കര ∙ സ്കൂൾ വിദ്യാർഥികൾക്ക് യാത്ര ആസ്വാദ്യകരമാക്കാൻ പാട്ടൊരുക്കി ഗ്രാമീണ റൂട്ടിൽ കെഎസ്ആർടിസിയുടെ കുട്ടി ബസ് സർവീസ്. കൊട്ടാരക്കര– ആനക്കോട്ടൂർ– പുത്തൂർ ബസിലാണ് ജീവനക്കാർ വക പുതിയ പരീക്ഷണം. 32 സീറ്റുള്ള പഴയ ബസ് ആണെങ്കിലും പുതിയ പരീക്ഷണത്തോടെ വരുമാനം കുത്തനെ ഉയർന്നതിന്റെ ആവേശത്തിലാണ് ജീവനക്കാർ. പാട്ട് കേൾക്കാൻ എഫ്എം റേഡിയോ പ്രക്ഷേപണം ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സ്പീക്കറുകൾ വഴി കേൾപ്പിക്കുകയാണ് ചെയ്യുന്നത്.
വിദ്യാർഥികൾ കൂടുതലുള്ള സമയത്തെ സർവീസ് അനുഭവം കുറേക്കൂടി സന്തോഷകരമാക്കാനുള്ള ചെറിയ ആശയമായിരുന്നു ഇത്. സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മ കൂടി ആയതോടെ ബസ് യാത്ര ആകർഷകമായെന്ന് വരുമാനക്കണക്കുകൾ വ്യക്തമാക്കുന്നു. വരുമാന നഷ്ടം കാരണം ബസ് സർവീസ് ഏറെക്കാലം നിർത്തിവച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം ഈയിടെ വീണ്ടും തുടങ്ങി.
ദിവസവും നാല് സർവീസ് വീതം ഉണ്ട്. കണ്ടക്ടർ കെ.എസ്.സുധീറും ഡ്രൈവർ എ.ജെ.തങ്കച്ചനും രണ്ടാഴ്ച മുൻപ് രണ്ടാം വരവിൽ പാട്ടിനെക്കൂടി യാത്രയിൽ കൂട്ടുകയായിരുന്നു. 14 കിലോ മീറ്റർ ദൂരത്തിലാണ് കൊട്ടാരക്കര– പുത്തൂർ സർവീസ്. ദിവസ വരുമാനം 10,000 കടന്നു. സ്കൂൾ തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ നടത്താനാകുമെന്നാണ് പ്രതീക്ഷ. പത്തിലേറെ സ്കൂളുകളാണ് പാതയോരത്തുള്ളത്ത്തി