റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) വീണ്ടും യെമൻ വിമത സായുധ സംഘമായ ഹൂതികളുടെ (Houthi attack) മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ സൗദിയിലെ അബഹ വിമാനത്താവളം (Abha international Airport) ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണ ശ്രമമുണ്ടായത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന (Arab coalition forces) മിസൈലിനെ ആകാശത്തുവെച്ച് തന്നെ തകർത്തു.
ദക്ഷിണ സൗദിയിലെ തന്നെ നജ്റാൻ ലക്ഷ്യമിട്ടും മിസൈൽ ആക്രമണമുണ്ടായി. ഹൂതികൾ ഓരോ ദിവസവും സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് സൗദി അധികൃതർ കുറ്റപ്പെടുത്തി. സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണം യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി. നേരത്തെയും അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്.