ഖത്തർ: 2022 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ഖത്തർ. ചരിത്രത്തിലെ ആദ്യ കാർബൺ രഹിത ലോകകപ്പായിരിക്കും 2022ൽ നടക്കുകയെന്നും റിയാദ് പശ്ചിമേഷ്യൻ ഉച്ചകോടിയിൽ ഖത്തർ പ്രഖ്യാപിച്ചു. റിയാദിൽ നടന്ന പശ്ചിമേഷ്യൻ പരിസ്ഥിതി സൗഹൃദ പങ്കാളിത്ത ഉച്ചകോടിയിൽ ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ കാഅബിയാണ് പ്രഖ്യാപനം നടത്തിയത്.
2022 ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഇതിനകം പുരോഗമിക്കുകയാണ്. ഇത് 2030 ഓടെ ഒരു കോടി മരങ്ങളായി ഉയർത്തും എന്നാണ് ഇപ്പോഴത്തെ തീരുമാനം . ഖത്തർ വിഭാവനം ചെയ്ത ദേശീയ വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുസ്ഥിര പരിസ്ഥിതി വികസനമാണ്. ആഗോള താപനം കുറയ്ക്കുന്നതിനായി യുഎന്നിന് കീഴിൽ നടക്കുന്ന വിവിധ പദ്ധതികൾക്ക് ഖത്തർ നിലവിൽ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത് പോലെ മേഖലയിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്താനായി സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ സാന്നിധ്യത്തിലായിരുന്നു സാദ് ഷെരീദ അൽ കാഅബിയുടെ പ്രസംഗം. പശ്ചിമേഷ്യയുടെ പാരിസ്ഥിതിക സുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമായുള്ള ആശയരൂപീകരണത്തിനും കൂടിയാലോചനകൾക്കുമായാണ് റിയാദിൽ ഉച്ചകോടി സംഘടിപ്പിച്ചത്.