ബാരിസ്റ്റർ എ.കെ.പിള്ളയെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്ന പംക്തി
പത്തു നൂറു കൊല്ലം മുമ്പ് എല്ലാം ഗാന്ധിജി പറയണമായിരുന്നു. ഗാന്ധി കൽപ്പിക്കും. അതുപോലെയാണ് ഇന്ത്യക്കാർ കേട്ടിരുന്നത്. ഏത് മണികെട്ടിയവന്മാരും കമാന്നൊരക്ഷരം എതിരു പറയാതെ അദ്ദേഹത്തെ അനുസരിക്കുമായിരുന്നു. ഇങ്ങ് കൊച്ച് കേരളത്തിൽ പള്ളിക്കൂടത്തിൽ പഠിക്കുന്ന പിള്ളേർ പോലും സ്കൂളിൽ പോകണോ വേണ്ടയോന്ന് തീരുമാനിക്കുന്നത് “കാന്തി ” യാണ്.
ഗാന്ധി പറയും സ്കൂളിൽ നിന്നിറങ്ങാൻ. ആ നിമിഷം പാഠപുസ്തകങ്ങൾ വലിച്ചെറിഞ്ഞ് ഒരിറക്കമാണ്.. ജനിപ്പിച്ച തന്തയും തള്ളയുമല്ല ഗാന്ധി യാണ് തീരുമാനിക്കുന്നത്. അപ്പോൾ സ്വമേധയാ പെരുവഴിയിലിറങ്ങുകയാണ്.പണമുണ്ടാക്കുന്നതും അങ്ങനെ തന്നെ. പണത്തിന് ആവശ്യം വരുമ്പോൾ ഗാന്ധി പറയും. അപ്പോൾ വലിയ വീട്ടിലെ പെൺകൊച്ചുങ്ങൾ വരെ കഴുത്തിലും കൈയ്യിലും കാതിലുമിട്ടത് കൊണ്ടുചെന്ന് ഗാന്ധിയുടെ മുൻപിൽ അഴിച്ചിടും. അതാണ് ഗാന്ധി!
എ.കെ. പിള്ളയുടെ കാര്യം തന്നെ നോക്കുക. ആരാണ് ആ എ.കെ. പിള്ള എന്നല്ലേ? തിരുവിതാംകൂർ ചരിത്രത്തിലെ ബാരിസ്റ്റർ ഏ.കെ. പിള്ള .! സ്വന്തം കുടുംബ സ്വത്ത് പണയം വച്ച് ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്ക് വായിക്കാൻ പോയ കരുനാഗപ്പള്ളി തേവലക്കാരനാണ് ഏ.കൃഷ്ണപിളള! സ്വന്തമായിസ്കൂൾ നടത്തിയിരുന്ന അയ്യപ്പൻ പിള്ള യുടെ അനന്തരവൻ. തെളിച്ചു പറഞ്ഞാൽ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയ ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകളെ കെട്ടി മരുമകൻ ആയ എ.കെ. പിള്ള.
ആളു ചില്ലറക്കാരനല്ല.ഗാന്ധിയുടെ വിളി കേട്ട് ഇംഗ്ലണ്ടിൽ നിന്ന് ചാടിപ്പുറപ്പെട്ടവനാണ്.1921 ൽ ബസ് വാഡയിൽ കോൺഗ്രസ്സിന്റെ പ്ലീനം നടക്കുമ്പോൾ 1883 ഏപ്രിലിൽ ജനിച്ച എ.കെ. പിള്ളയും ഇംഗ്ലണ്ടിൽ നിന്ന് ഗാന്ധിജിയെ കാണാൻ ആ തിരക്കിനിടയിൽ എത്തിയിരുന്നു. അങ്ങനൊന്നും നേരെ കൈയ്യും വീശി കയറി വന്ന് കാണാൻ പറ്റുന്ന ആളാണോ ഗാന്ധി. വരുമ്പോൾ ഇംഗ്ലണ്ടിലെ മൂത്ത കോൺഗ്രസ്സ് സായ്‌വ് ബി.ജി. ഹോർണിമാന്റെ ഒരു കത്തുകൂടി കൊണ്ടുവന്നിരുന്നു. അതു് കൊണ്ട് തിക്കിതിങ്ങി നിൽക്കുന്ന ഖദർ ധാരികൾക്കിടയിലൊരു വാളന്റിയറിന്റെ കൈയ്യിൽ കൊടുത്തു.
കുറച്ചു കഴിഞ്ഞ് ഒരു ശബ്ദം where is pillai ? ശബ്ദം പോലെ ഭീകരൻ! നോക്കുമ്പോഴുണ്ട് സാക്ഷാൽ മൗലാനാ മുഹമ്മദാലി വിളിക്കുന്നു. ഞൊടിയിടയിൽ പിള്ളയെ പൊക്കിയെടുത്ത് ആൾക്കൂട്ടത്തിനിടയിലൂടെ ഗാന്ധിജിയുടെ സവിധത്തിൽകൊണ്ടു നിർത്തിയെന്നു പറഞ്ഞാൽ മതിയല്ലോ.ബിലാത്തിയിലെ പഠിപ്പു നിർത്തി എത്തി യിരിക്കുകയാണ് പിള്ള , ഗാന്ധിയുടെ വിളി കേട്ട്.കറ തുടച്ചുകളഞ്ഞ രാജ്യ സ്നേഹി, വാദപ്രതിവാദ വീരൻ, വിജയശ്രീപരാജയ ലവലേശ ലാളിതൻ , ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ കടുവറക്കാനറിയാവുന്നവൻ, അമ്മാച്ചന്റെ മണം പിടിച്ച് പത്രപ്രവർത്തനം നടത്താനറിയുന്ന മരുമോൻ. കിടിലൻ ജനപ്രതിനിധി, ഒന്ന് കുലുക്കിയാൽ ആശയങ്ങൾ തുരുതുരെ പൊഴിക്കുന്ന ആശയപ്പെരുമരൻ! എന്നു വേണ്ട ഇനിയെന്തൊക്കെ വിശേഷമൊണ്ടോ അതൊക്കെ പിള്ളയിൽ ചാർത്താം.
ഇംഗ്ലണ്ടിൽ പഠിക്കാൻ പോയിട്ട് മുഴുമിക്കാതെ വന്നപ്പോൾ ജാമ്യം വച്ച സ്വന്തം ഭൂമിക്കെന്തുപറ്റി? അക്കഥ ഒടുവിൽ പറയാം.ഗാന്ധിയുടെ വിളികേട്ട് ബ്രിട്ടീഷുകാർക്കെതിരെ അണിനിരന്നവരുടെ ഗതിയെല്ലാം അധോഗതിയായിരുന്നല്ലോ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കെറിയപ്പെട്ടവരെല്ലാം ബ്രിട്ടീഷുകാരന്റെ അടി കൊണ്ട് വലഞ്ഞും ഉള്ള സ്വത്ത് തൊലച്ചും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ കളിക്കളത്തിലിറങ്ങിയവരല്ലേ! ഗോളടിക്കാറായപ്പോൾ നാൽപ്പത്തേഴിന്റെ പന്ത്രണ്ടാം മണിക്കൂറിൽ ഗാന്ധിയെ തള്ളി താഴെയിട്ട് ഗോളടിച്ചവരല്ലേ പിന്നെ ഗപ്പ് വാങ്ങി അരങ്ങുവാണത്. അതിനിടയിൽ ഗാന്ധിയെ കൊന്ന് തൊല്ലയൊഴിച്ചവരല്ലേ ഇപ്പോൾ ഗോളടിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യം പട്ടി നക്കിയ ബലിച്ചോറാണ്! അല്ല കൊലച്ചോറായി മാറിയിരിക്കുന്നു.ങാ, നമ്മൾ പറഞ്ഞു വന്നത് ബാരിസ്റ്റർ എ.കെ. പിള്ളയെപ്പറ്റി.ഗാന്ധിജി പിള്ളയെ പറഞ്ഞയച്ചത് തിരുവനന്തപുരത്തേക്കാണ്. കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയവർ ഒപ്പം കൂടി. സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ ശാഖകൾ സ്ഥാപിക്കുന്നതിൽ ഓടി നടന്നു. കൊല്ലത്ത് “സ്വരാജ്” എന്നൊരു പത്രവും തുടങ്ങി. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ കർത്താവ് കെ.നാരായണക്കുരുക്കൾ പത്രാധിപരും സി.എസ്.നായർ സഹ പത്രാധിപരും ആയിരുന്നു. സ്വന്തം കുടുംബത്തിൽ നിന്ന് തനിക്കെടുക്കാവുന്ന പണമത്രയുമെടുത്താണ് പത്രം നടത്തിയത്. “മാതൃഭൂമി “ക്ക് മുൻപ് ആദ്യത്തെ കോൺഗ്രസ്സ് പത്രമായിരുന്നു അത്.വാരിക, ദ്വൈവാരിക, ത്രൈവാരിക, ദിനപ്പതിപ്പ് എന്നീ നിലകളിൽ നാലു കൊല്ലം നടത്തി; ഭീമമായ നഷ്ടം സഹിച്ചു കൊണ്ട്. അതോടൊപ്പം “സ്വദേശാഭിമാനി” എന്ന പേരിൽ ഒരു മാസികയും.
1923 ൽ ആന്ധ്രയിലെ കാക്കിനടിൽ വച്ച് നടന്ന കോൺഗ്രസ്സ് കമ്മിറ്റി അയിത്തോച്ചാടനത്തിന് ഊന്നൽ നൽകി. കേരളത്തിലേക്ക് നിയമിച്ച പ്രത്യേക കമ്മറ്റിയിൽ കെ.പി.കേശവമേനോനും ഏ.കെ. പിള്ളയും ഹസ്സൻ കോയയും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും അംഗങ്ങൾ. യാത്രാപരിപാടികൾ തയ്യാറാക്കിയിരുന്നത് എ.കെ. പിള്ളയും. 24 ദിവസം നീണ്ടു നിന്ന പര്യടനം. ഇപ്പോൾ തെരഞ്ഞെടുപ്പു വരുമ്പോൾ ഷാളും തോളിലിട്ട് നടത്താറുള്ള കേരള യാത്രയുടേയും രഥയാത്രയുടേയും നവോത്ഥാന യാത്രയുടേയുമൊക്കെ തുടക്കം അവിടുന്നാണ്.
പിന്നീട് 1924 മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിലും എ.കെ. പിള്ളയുണ്ടായിരുന്നു. എല്ലാത്തിനേയും പിടിച്ച് ജയിലിനകത്താക്കിയപ്പോൾ പിള്ളയുമകത്തു പോയി. കെ.പി.കേശവമേനോന്റെ സ്മരണകളിൽ വിശദമായി അക്കാര്യം കുറിച്ചിട്ടുണ്ട്.1925 ൽ കരുനാഗപ്പള്ളിയിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തിലാണ് ബാരിസ്റ്റർ ഏ.കെ പിള്ള വിജയിച്ചത്. എതിരാളി ബാരിസ്റ്റർ പത്മനാഭപിള്ളയെ തറപറ്റിച്ചു.
പിന്നീട് കോൺഗ്രസ്സ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞപ്പോൾ മേസ്തിരിപ്പണിക്ക് നാട്ടിൽ നിൽക്കാതെ പിള്ള വീണ്ടും ഇംഗ്ലണ്ടിലേക്ക് വലിഞ്ഞു. വീണ്ടും ഭൂമി ഈടുവച്ച് കടമെടു
ത്ത് കടന്നു. അവിടെച്ചെന്ന് ഗാന്ധിയുടെ വിളി കേട്ട് ഇട്ടെറിഞ്ഞു പോയ ബാരിസ്റ്റർ പരീക്ഷ പൂർത്തിയാക്കി. വിജയിച്ചു. ബുദ്ധിമാൻ !ഇവിടെ നിന്നാൽ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലായിക്കാണും.
1930 ൽ അദ്ദേഹം നാട്ടിൽ തിരിച്ചെത്തി.മദ്രാസ്, തിരുവനന്തപുരം, റംഗൂൺ, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം മാറിമാറി വക്കീൽ പണി ചെയ്തു.ദീർഘകാലം കോൺഗ്രസ്സിലുണ്ടായിരുന്നു.മലബാറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ രാജാജി ഒരിക്കൽ നിർബന്ധിച്ചതാണ്. അങ്ങനെയായിരുന്നെങ്കിൽ മദ്രാസിൽ മന്ത്രിയായേനേ. 1935 ൽ കേരള കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാശം ” കോൺഗ്രസ്സും കേരളവും ” എന്നൊരു പുസ്തകവുമെഴുതി. പൊടിയും തട്ടി പുറത്തിറങ്ങി.
1936 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. എം.എൻ റോയിയുമായി പരിചയപ്പെട്ട ശേഷം റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ വിപ്ലവാരിഷ്ടം കുടിച്ച് മുഞ്ഞി തുടച്ചു ശേഷം കാലം കഴിച്ചു.1949 ഒക്ടോബർ 5 വരെ എല്ലാം കണ്ടും കേട്ടും ചരിത്രമായി ബാരിസ്റ്റർ എ.കെ. പിള്ള ജീവിച്ചിരുന്നു.പഠിക്കാൻ ശീമക്ക് പോയപ്പോൾ ജാമ്യം വച്ച പിള്ളയുടെ ഭൂമി എന്തായി ?സർ സി.പി.രാമസ്വാമി അയ്യരെ രാജാവിന്റെ നിയമോപദേഷ്ടാവായി നിയമിച്ചപ്പോൾ ആദ്യം തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത് പിള്ളയാണ്. സി.പി.യെ ആദ്യം മുതൽ എതിർത്ത ആളാണ് എ.കെ. പിള്ള! അതിന്റെ ഫലമോ. സി.പി. വിടുമോ? സി.പി. ആരാ മോൻ!
ഇംഗ്ലണ്ടിൽ പഠിക്കാൻ പോകാൻ സർക്കാരിൽ നിന്ന് വായ്പയെടുത്തതിന് ജാമ്യം വച്ച കുടുംബ സ്വത്ത് സർക്കാർ കണ്ടുകെട്ടി ലേലം ചെയ്തു.അന്ന് തിരുവിതാംകൂറിന്റെ ഭരണം മുത്തൂറ്റിന്റെ കയ്യിലല്ല, എങ്കിലും അതുപോലെ ഒരു “മൊത്തംഊറ്റി”ന്റെ കൈയ്യിലായിരുന്നോ എന്ന് തോന്നു മാറായിരുന്നു കാര്യങ്ങളുടെ പോക്ക്. പക്ഷേ ആ വസ്തുവകകൾ ലേലത്തിൽപ്പിടിക്കാൻ ഒറ്റക്കുഞ്ഞും തയ്യാറായില്ല.
ഗവണ്മന്റു തന്നെ ആ വസ്തുക്കളിൽ കൃഷി നടത്തി. നിശ്ചിത സംഖ്യ ഈടാക്കുന്നതുവരെ !
നോക്കണേ ഒരു ദേശസ്നേഹിയോട് തിരുവിതാംകൂറിലെ ഏമാന്മാർ ചെയ്ത വിക്രിയകൾ.
അതിന് ഇന്നും മാറ്റം വന്നിട്ടില്ല.അന്ന് രാജാക്കന്മാർ എങ്കിൽ ഇന്ന് പാർട്ടി ! അത്ര തന്നെ.തിരുവായ്ക്ക് എതിർ വായുണ്ടോ?