മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട Drug Party Case) കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ കോഴ ആരോപണത്തിൽ എൻസിബി ഡയറക്ടർ സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും. അഞ്ചംഗ എന്‍സിബി വിജിലന്‍സ് സംഘമാണ് സമീര്‍ വാംഖഡെയെ ചോദ്യം ചെയ്യുക. സമീറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും രംഗത്തെത്തി.
സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്തും ഇന്ന് പുറത്ത് വന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതാണെന്നാണ് വെളിപ്പെടുത്തൽ. ഷാരൂഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീർ വാംഖഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നാളെ മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചംഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക.
ആര്യൻഖാന്‍റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് ഇന്ന് ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തലായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജർ സ്വാധീനിച്ചെന്നാണ് വാദം. എന്നാൽ ഇത് നിഷേധിച്ച ആര്യൻ സാക്ഷികളെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞു.
അതേസമയം സമീറിനൊപ്പം രണ്ട് വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എഴുതിയതെന്ന് അവകാശപ്പെടുന്ന ഒരു കത്ത് എൻസിപി മന്ത്രി നവാബ് മാലിക് ഇന്ന് പുറത്ത് വിട്ടു. ലഹരി ഇടപാടുകാരുമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസിലും സമീർ വാംഖഡെ തൊണ്ടിമുതലാക്കുന്നെന്ന് കത്തിൽ ആരോപിക്കുന്നു. ആര്യൻ ഖാന്‍റേതടക്കം ഇത്തരത്തില്‍ കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്. ദീപികാ പദുകോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടിയെന്നും ആരോപിക്കുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















