ഓഹരിവിൽപനയിലൂടെ പണം സമാഹരിക്കാൻ വിപണി നിയന്ത്രണ ഏജൻസി സെബി ഈയിടെ അനുമതി നൽകിയ 7 കമ്പനികളുടെ സമാഹരണ ലക്ഷ്യം ആകെ 28,000 കോടി രൂപ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പേയ്ടിഎമ്മും (വൺ 97), സഫയർ ഫുഡ്സ് (കെഎഫ്സി, പീത്സ ഹട്ട്), ആനന്ദ് രാഥി വെൽത്, പിബി ഫിൻടെക് (പോളിസി ബസാർ), ടാർസൻസ് പ്രോഡക്ട്സ്, എച്ച്പി അഡ്ഹെസീവ്സ് എന്നിവയ്ക്കാണ് ആദ്യ ഓഹരിവിൽപന (ഐപിഒ) നടത്താൻ ഏറ്റവുമൊടുവിൽ അനുമതി കിട്ടിയത്.
ഫിനോ പേയ്മെന്റ്സ് ബാങ്ക്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്, അദാനി വിൽമർ തുടങ്ങിയ കമ്പനികൾക്ക് ഇതിനുമുൻപ് അനുമതി ലഭിച്ചിരുന്നു. ഈയിടെ അനുമതി ലഭിച്ച കോസ്മെറ്റിക് റീട്ടെയിൽ കമ്പനി നൈകയുടെ ഐപിഒ 28ന് ആരംഭിക്കും.ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത് 998 കോടി രൂപ സമാഹരിക്കാനാണ്. സഫയർ ഫുഡ്സ് 1500–2000 കോടിയും ആനന്ദ് രാഥി 1000 കോടിയും ലക്ഷ്യമിടുമ്പോൾ പേയ്ടിഎമ്മിന്റേത് 8300 കോടിയുടെ ഐപിഒ ആണ്. പിബി ഫിൻടെക് 6017.50 കോടിയും ടാർസൻസ് 1500 കോടിയും ലക്ഷ്യമിടുന്നു. എച്ച്പി അഡ്ഹെസീവ്സ് 4.5 ലക്ഷം ഓഹരികളാണു വിൽക്കുക. തുക വെളിപ്പെടുത്തിയിട്ടില്ല.
നൈക ഐപിഒ 28 മുതൽ
കൊച്ചി∙ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിൽപനക്കമ്പനിയായ നൈകയുടെ ഉടമസ്ഥരായ എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിൻറെ ആദ്യ ഓഹരി വിൽപന (ഐപിഒ) 28 മുതൽ നവംബർ 1 വരെ നടക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1,085 രൂപ മുതൽ 1,125 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 12 ഓഹരികൾക്ക് അപേക്ഷിക്കാം. 630 കോടി രൂപയുടെ പുതിയ ഷെയറും നിലവിലുള്ള ഓഹരി ഉടമകളുടെ 41,972,660 ഓഹരികളും ഉൾപ്പെടുന്നതാണ് ഐപിഒ.