പുനലൂർ∙ തൂക്കുപാലത്തിലെ സെൽഫി പോയിന്റ് പൂർണമല്ല. കെഎസ്ആർടിസി മൈതാനി ഭാഗത്തെ കവാടം തുറക്കണമെന്ന ആവശ്യം ശക്തം. 18 മാസത്തിനു ശേഷം മൂന്നാഴ്ച മുൻപാണ് തൂക്കുപാലം തുറന്നു നൽകിയത്. ടി.ബി. ജംക്ഷൻ ഭാഗത്തെ കവാടം മാത്രമാണ് നിലവിൽ തുറന്നിട്ടുള്ളത്. സഞ്ചാരികൾ ഒരു വശത്തു കൂടി കയറി മറു വശത്തിറങ്ങുന്ന തരത്തിൽ ക്രമീകരിച്ചെങ്കിലേ തൂക്കുപാലത്തിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കാനാകൂ.
നിലവിൽ കെഎസ്ആർടിസി ഭാഗത്തു നിന്നു വരുന്നവർ വലിയ പാലത്തിലൂടെ നടന്നു ടിബി ജംക്ഷനിലെത്തണം തൂക്കുപാലത്തിൽ പ്രവേശിക്കാൻ. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. തിങ്കൾ ഒഴികെ മറ്റു ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. ദിവസം ശരാശരി 500 പേരാണ് സെൽഫിയെടുക്കുന്നതിനും മറ്റുമായി തൂക്കുപാലത്തിലെത്തുക.
സന്ദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ പാലത്തിന്റെ വശങ്ങളിൽ ലോഹനിർമിത വലകൾ സ്ഥാപിച്ചു സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ഒപ്പം പാലത്തിലെ തമ്പക തടികളുടെ സംരക്ഷണത്തിനു രണ്ടു വർഷം കൂടുമ്പോൾ കശുവണ്ടി ഓയിലും ഒഴിക്കുന്നു. കോവിഡ് മാനദണ്ഡപ്രകാരം ഒരു സമയം 20 പേർക്കേ കയറാൻ കഴിയൂ. ഇതാണ് ഒരു കവാടം അടച്ചിടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം