പെരിങ്ങര ∙ വെള്ളം ഇറങ്ങാതെ, ദുരിതം തീരാതെ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ. റോഡിലും വീടുകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. വെള്ളം പൂർണമായി ഇറങ്ങി വീടുകൾ വൃത്തിയാക്കിയ ശേഷമേ താമസം തുടങ്ങാൻ കഴിയുകയുള്ളു.പഞ്ചായത്ത് മൂന്നാം വാർഡിലെ തണുങ്ങാട് കോളനിയിലെ കുടുംബങ്ങൾ 7 ദിവസമായി തിരുവല്ലയിലെ ക്യാംപിലായിരുന്നു. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ടിപ്പർ ലോറിയിലാണ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ക്യാംപ് പിരിച്ചുവിട്ട് ഇവർ വീടുകളിലെത്തിയെങ്കിലും താമസം തുടങ്ങാൻ സാധിച്ചിട്ടില്ല.
മുറികളിലുള്ള വെള്ളം ഇതുവരെ ഇറങ്ങാത്തതാണ് കാരണം. പഞ്ചായത്തംഗം എം.സി.ഷൈജുവിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കുറെ പേരേ സമീപത്തെ അങ്കണവാടിയിലേക്കു മാറ്റി. ഇതിനുള്ളിലും രണ്ടടി വെള്ളമുണ്ടായിരുന്നു. ഇതിറങ്ങിയതോടെയാണ് ഇവിടെ താമസിപ്പിക്കാനുള്ള തീരുമാനം.കോളനിയിലെ ചിന്നമ്മ ജോൺ 22നാണ് മരിച്ചത്. വീട്ടിൽ വെള്ളം കാരണം ഇതുവരെ അടക്കം നടത്താനായില്ല. ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചതോടെ മൃതദേഹം വയ്ക്കാൻ റോഡിൽ വെള്ളം കയറാത്ത സ്ഥലത്ത് പന്തലിടുകയാണ് ചെയ്യുന്നത്.ഇങ്ങാനെ ഒരു സാഹചര്യത്തിൽ ഇതൊക്കെ മുജ്ജൻമ ശാപം ആണെന്ന് ആശ്വസിക്കാനെ കഴിയുള്ളു അത്രക്ക് നിസ്സഹായ അവസ്ഥയിലാണ് എല്ലാരും
വീട്ടിൽ 5 മിനിറ്റ് വച്ചശേഷം റോഡിലെ പന്തലിലെത്തിച്ച് ശുശ്രൂഷ നടത്താനാണ് തീരുമാനം.വെള്ളപ്പൊക്കത്തിൽ കയറുന്ന വെള്ളം ഇറങ്ങിപ്പോകാനുള്ള തോടുകളെല്ലാം അടഞ്ഞുകിടക്കുന്നതാണ് ഇവിടത്തുകാരുടെ ദുരിതം. പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള മുൻപുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള സമയം കഴിഞ്ഞു. എന്നിട്ടും ഇതുവരെ വെള്ളം ഒഴുക്കിവിടാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഇത്തവണയും കൃഷി ഇറക്കാൻ താമസിക്കും