ആലപ്പുഴ ∙ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷവും ജില്ലയിൽ പൂർണമായി ക്ലാസുകൾ തുടങ്ങിയതു വളരെക്കുറച്ച് കോളജുകളിൽ മാത്രം. സർവകലാശാല പരീക്ഷകളും വെള്ളക്കെട്ടുമാണു വില്ലനായത്. പല കോളജുകളിലും ക്ലാസുകൾ നാളെ മുതലേ ആരംഭിക്കുകയുള്ളൂ. നഗരത്തിലെ കോളജുകളിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം പ്രതീകാത്മകമായി നടന്നു. സർവകലാശാല പരീക്ഷകൾ നടക്കുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളാനാകാത്തതിനാലാണു ക്ലാസുകൾ ഇന്നലെ ആരംഭിക്കാതിരുന്നതെന്നും നാളെ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു
അതേസമയം, ഒന്നാം വർഷക്കാരെ വരവേൽക്കാൻ വിദ്യാർഥി സംഘടനകളുടെ സ്വാഗത ബാനറുകളും ബോർഡുകളും ഇന്നലെ തന്നെ ഉയർന്നിരുന്നു. എസ്‌ഡി കോളജിൽ അവസാനവർഷ ഡിഗ്രി, പിജി ക്ലാസുകൾ പതിവുപോലെ തുടർന്നു. സെന്റ് ജോസഫ്സ് കോളജിൽ പരീക്ഷ തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ 30 വരെ തുടരും. വെള്ളപ്പൊക്ക ദുരിതങ്ങൾ വിട്ടൊഴിയാത്തതിനാൽ കുട്ടനാട്ടിൽ നാളെ മുതലാണു ക്ലാസുകൾ തുടങ്ങുക. പുളിങ്കുന്ന് എൻജിനീയറിങ് കോളജ് ഹോസ്റ്റലുകളിലടക്കം വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലാണു ക്ലാസുകൾ 2 ദിവസത്തേക്കു കൂടി ഓൺലൈനാക്കിയത്.