കോട്ടയം: 70 വയസ്സുകാരന്റെ പീഡനത്തിനിരയായ 11 വയസ്സുകാരിയുടെ പിതാവിനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പണം വാങ്ങി പീഡനക്കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് നാട്ടുകാരിൽ ചിലർ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ആരോപിച്ചു. വീടിനു സമീപമുളള പൊളിഞ്ഞു വീഴാറായ മറ്റൊരു വീട്ടിൽ ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
.വീടിനു സമീപം കട നടത്തുന്നയാൾ ഒന്നരമാസം മുൻപാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. അയൽവാസികളും നാട്ടുകാരും സംഭവം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ പൊലീസിനു വിവരം കൈമാറിയതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയും മജിസ്ട്രേട്ട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഇതിനിടെ കുട്ടിയെ പീഡിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ പിതാവ് ഒരു ലക്ഷം രൂപ വാങ്ങിയതായി നാട്ടിൽ ചിലർ പ്രചരിപ്പിച്ചു. ഈ സാംഭവമാണ് ദുരന്തത്തിലേക്ക് നയിച്ചത് .ഇതോടെ കുട്ടിയുടെ പിതാവ് മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കളും ജനപ്രതിനിധികളും പറയുന്നു. അസ്വാഭാവിക മരണത്തിനു ചിങ്ങവനം പൊലീസ് കേസ് എടുത്തു.