തൊടുപുഴ∙ സിനിമാതിയറ്ററുകളും കോളജുകളും ഒന്നിച്ചു തുറന്നപ്പോൾ ആദ്യദിനം ഹൗസ്ഫുൾ കോളജുകളിൽ. വെള്ളിത്തിരയിലെ ആരവത്തിന് രണ്ടു ദിവസംകൂടി കാത്തിരിക്കേണ്ടി വരുമ്പോൾ ജില്ലയിലെ കലാലയങ്ങൾ ആദ്യദിനം തന്നെ സൂപ്പർഹിറ്റാക്കിയാണു തുടങ്ങിയത്. അവസാനവർഷ വിദ്യാർഥികൾ മാത്രം എത്തിക്കൊണ്ടിരുന്ന കോളജുകളിൽ ജൂനിയേഴ്സ് കൂടി എത്തിയതോടെ ക്യാംപസ് കൂടുതൽ കളറായി. ഷിഫ്റ്റ് അടിസ്ഥാനത്തിലാണു ക്ലാസുകളെങ്കിലും കോളജ് നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇതുപോലൊരു അവസരം എല്ലാർക്കും ലഭിക്കുന്നത്
മരത്തണലുകൾ അടിപൊളി
ക്യാംപസിൽ ജീവിതം ആഘോഷമാക്കാനെത്തിയവർ കൂട്ടമായി ഇരിക്കാൻ പുതിയ സ്പോട്ടുകൾ കണ്ടെത്തിത്തുടങ്ങി. ക്ലാസുകൾ തീർന്ന ശേഷം അൽപനേരം തമാശകൾ പറഞ്ഞിരിക്കാൻ മരച്ചുവടുകളും തണലുള്ള സ്ഥലങ്ങളും കണ്ടെത്തി ഇരിപ്പുറപ്പിച്ച കൂട്ടുകാർ കോവിഡ് മാനദണ്ഡങ്ങൾ മറന്നില്ല. ക്ലാസിനു പുറത്താണെങ്കിലും മാസ്ക്കും സാനിറ്റൈസറും കൂടെയുണ്ട്. ആദ്യദിനം തന്നെ ഈ സ്പോട്ടുകൾ സൂപ്പർഹിറ്റ്.
പാർക്കിങ് ഹൗസ്ഫുൾ
കോവിഡ് ഭീതി ഉള്ളതിനാൽ ഭൂരിഭാഗം വിദ്യാർഥികളും സ്വന്തം വാഹനത്തിലാണു കോളജുകളിൽ എത്തിയത്. 2 വർഷമായി ഒഴിഞ്ഞുകിടന്നിരുന്ന കോളജിലെ വാഹനപാർക്കിങ് കേന്ദ്രങ്ങൾ ഇതോടെ നിറഞ്ഞു. പെട്രോൾവില ഉയരുന്നതിനാൽ അധികകാലം സ്വന്തം വാഹനത്തിലെ വരവു നടക്കില്ലെന്നാണു വിദ്യാർഥികളുടെ പക്ഷം.
ക്ലാസ്റൂം മാസ് സീൻ
ഒരു ബെഞ്ചിൽ രണ്ടു പേർക്കു മാത്രമേ ഇരിക്കാനാകൂ എങ്കിലും വിദ്യാർഥികൾ സന്തോഷത്തിലാണ്. ഒന്നാം വർഷക്കാർ ആദ്യമായാണു സഹപാഠികൾക്കൊപ്പം ഇരുന്നു പഠിക്കുന്നത്. ഒരു സൂപ്പർഹിറ്റ് സിനിമയിലെ തകർപ്പൻ സീൻ പോലെ ആദ്യദിനം എല്ലാവരും ആഘോഷമാക്കി. മാസ്ക്കും സാനിറ്റൈസറും നിർബന്ധമാണ്. കോളജിനു മുന്നിൽ തെർമൽ സ്കാനിങ്ങുമുണ്ട്
തിയറ്ററിൽ പുകവലിക്കാർക്കു നൽകുന്ന ബോധവൽക്കരണം പോലെ ക്ലാസ് മുറികളിൽ അധ്യാപകർ ഇടയ്ക്കിടെ കോവിഡ് മുൻകരുതലുകൾ പകർന്നു നൽകുന്നുണ്ട്. ആളില്ലാത്ത ഷോയ്ക്കു മുൻസീറ്റിൽ കാൽകയറ്റി വയ്ക്കുന്ന സിനിമാപ്രേമികളെ തിയറ്റർ ജീവനക്കാർ പിടികൂടുന്നതു പോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർഥികൾക്കും പിടിവീഴുന്നുണ്ട്. കോവിഡ് സുരക്ഷ മുഖ്യം! ഈനിരുന്നാലും സന്തോഷത്തിനും ഉത്സാഹത്തിനും യാതൊരു വീഴ്ചയും വിദ്യാർത്ഥികൾ വരുത്തുന്നില്ല
ആളില്ലാതെ കന്റീനുകൾ
സൂപ്പർസ്റ്റാറിന്റെ സിനിമയുടെ ആദ്യദിനം പോലെ തിരക്കുണ്ടായിരുന്ന കോളജ് കന്റീനുകൾ പലയിടത്തും വിജനമാണ്. തൽക്കാലം കന്റീനുകൾ തുറക്കേണ്ടെന്നാണു കോളജ് അധികൃതരുടെ തീരുമാനം. ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരാനാണ് കോളജ് അധികൃതർ പ്രോത്സാഹിപ്പിക്കുന്നത്. പരമാവധി സുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം.ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ മാറുമെന്നും കൂടുകാർ ഒത്തൊരുമിച്ചു ക്യാന്റീനിൽ പോയി ആഹാരം പങ്കിട്ടു കഴിക്കുന്നത് കാലം അദികം വൈകില്ലെന്നു കരുതാം