ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്നായ ഫാന്റം 8 ൽ ഇല്ലാത്ത ആഡംബരം കുറവായിരിക്കും. ഇന്ത്യൻ വില ഏകദേശം 10 കോടി രൂപ വരുന്ന ഫാന്റം സ്വന്തമാക്കിയിരിക്കുകയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല.
. റോൾസ് റോയ്സ് ഫാന്റം 8
വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളുള്ള ഫാന്റത്തിന്റെ എട്ടാം തലമുറ, റോൾസ് റോയ്സ് അനാവരണം ചെയ്തത് 2017 ലാണ്. ആഡംബരത്തിനും സ്ഥലസൗകര്യത്തിനും വിലയ്ക്കും മാത്രമല്ല ശബ്ദരഹിതമായ പ്രവർത്തനത്തിനും കീർത്തി കേട്ട ഫാന്റത്തിന്റെ ആദ്യമോഡൽ പുറത്തിറങ്ങിയത് 1925 ലാണ്.
ലോകത്തിലെ അതിസമ്പന്നരെയും ധനാഢ്യരേയും തൃപ്തിപ്പെടുത്താൻ പോന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായാണ് ഫാന്റം 8 എത്തിയത്. റോൾസ് റോയ്സ് ശ്രേണിയിലെ ഏറ്റവും സൈലന്റ് കുറഞ്ഞ കാറെന്ന പെരുമ പേറുന്ന ഫാന്റം 8നു കരുത്തേകുക 6.75 ലീറ്റർ, വി 12, ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്. 571 ബി എച്ച് പി വരെയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. പരമാവധി ടോർക്കാവട്ടെ 900 എൻഎം വരെയും. മണിക്കൂറിൽ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.
ഏതു വേഗത്തിലും കൃത്യതയാർന്ന ഗിയർമാറ്റം സാധ്യമാക്കാൻ ഉപഗ്രഹസഹായത്തോടെ പ്രവർത്തിക്കുന്ന റോൾസ് സെഡ് എഫ് എട്ടു സ്പീഡ് ഗിയർബോക്സാണു കാറിലുള്ളത്. വ്യതിയാനങ്ങളില്ലാത്ത കുതിപ്പും മുന്നേറ്റവും ഉറപ്പാക്കാൻ, കൃത്യമായ ഭാരവും ചലനവും തിരിച്ചറിയാൻ പ്രാപ്തിയുള്ള പുത്തൻ ഷാസിയിലാണു കാറിന്റെ നിർമാണം. വളവുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കും വിധത്തിലാണു പുതിയ നാലു വീൽ സ്റ്റീയറിങ്ങിന്റെ ഘടന. മുന്നിലുള്ള റോഡിന്റെ സ്ഥിതി വിലയിരുത്തി സസ്പെൻഷൻ ക്രമീകരിക്കാൻ സങ്കീർണമായ ക്യാമറ സംവിധാനവും കാറിലുണ്ട്.
അകത്തളമാവട്ടെ ആർഭാട സമൃദ്ധമാണ്. ഉള്ളിൽ കയറി ഡോർ ഹാൻഡിലിലെ സെൻസറിൽ സ്പർശിച്ചാൽ വാതിൽ താനേ അടയും. സുരക്ഷാവിഭാഗത്തിലാവട്ടെ നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കൺട്രോൾ, കൂട്ടിയിടിയെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന കൊളീഷൻ വാണിങ്, കാൽനടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയൻ വാണിങ്, ക്രോസ് ട്രാഫിക് വാണിങ്, ലെയ്ൻ ഡിപ്പാർച്ചർ – ലെയ്ൻ ചേഞ്ചിങ് വാണിങ് എന്നിവയൊക്കെ കാറിൽ ലഭ്യമാണ്. അകത്തളത്തിൽ ശബ്ദശല്യം കുറയ്ക്കാൻ വിപുലമായ സജ്ജീകരണങ്ങളുണ്ട് ഫാന്റം 8ല്‍.