കൽപറ്റ ∙ ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി സൗജന്യമായി ദുബായ് എക്സ്പോ കാണാൻ അവസരമൊരുക്കുന്നതിനായി നടത്തിയ ജില്ലാതല പരീക്ഷയിൽ 60 വിദ്യാർഥികൾ പങ്കെടുത്തു. എസ്കെഎംജെ ഹൈസ്കൂളിൽ നടന്ന മത്സര പരീക്ഷയിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്ലസ് ടു വിദ്യാർഥികളാണ് പങ്കെടുത്തത്. ഒരു മണിക്കൂർ നീണ്ട പരീക്ഷയിൽനിന്നു 14 പേരെ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. അവർക്കായി നടത്തിയ രണ്ടാം റൗണ്ട് പരീക്ഷയിൽനിന്ന് 6 പേർ അവസാന റൗണ്ടിലെത്തി.
ഇന്നു നടക്കുന്ന കൂടിക്കാഴ്ചയിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്കാണു ദുബായ് എക്സ്പോ കാണാനുള്ള ഭാഗ്യത്തിനു അവസരമൊരുങ്ങുക. വിദ്യാർഥികളുടെ വിവിധ തലങ്ങളിലുള്ള അറിവു പരിശോധിക്കുന്ന പരീക്ഷയാണു നടന്നത്. രാജ്യത്തെ 112 ആസ്പിരേഷനൽ ജില്ലകളിൽ കേരളത്തിൽ നിന്നുള്ള ഏക ജില്ലയാണ് വയനാട്. പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും കലക്ടർ എ. ഗീത സർട്ടിഫിക്കറ്റ് നൽകി. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ഡപ്യൂട്ടി കലക്ടർ കെ. അജീഷ് എന്നിവർ പരീക്ഷയ്ക്കു ശേഷം കുട്ടികളുമായി സംവദിച്ചു.
വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്ത പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ ഹന നുഹ്മാന്‍ കലക്ടർ ഉപഹാരം നൽകി. ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. ലീല, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ കെ.പ്രസന്ന, എസ്കെഎംജെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.