ദുബൈ: അധികൃതരുടെ പ്രതീക്ഷകളെയും മറികടന്ന് എക്സ്പോ 2020ലേക്ക് സന്ദർശക പ്രവാഹം. ഇൗ മാസം 24 വരെ സന്ദർശിച്ചത് 14,71,314 പേർ. സന്ദർശകരുടെ എണ്ണം പത്തു ലക്ഷം കടന്നിട്ടുണ്ടാകുമെന്നായിരുന്നു അധികൃതർ ഞായറാഴ്ച സൂചിപ്പിച്ചത്. എന്നാൽ, തിങ്കളാഴ്ച കണക്കെടുത്തപ്പോഴാണ് 15 ലക്ഷത്തിനടുത്ത് എത്തിയത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് എക്സ്പോ സന്ദർശകരുടെ എണ്ണം വിലയിരുത്തുന്നത്. നബിദിനം ഉൾപ്പെടെ തുടർച്ചയായ മൂന്ന് അവധി ദിനങ്ങൾ വന്നതാണ് എണ്ണം കൂട്ടിയത്. സമി യൂസുഫ്, എ.ആർ. റഹ്മാൻ എന്നിവരുടെ സാന്നിധ്യവും തിരക്കിന് കാരണമായി. രാജ്യത്തെ കാലാവസ്ഥ മാറ്റവും ജനങ്ങളെ ആകർഷിച്ചതായി എക്സ്പോ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഇൗസ അൽ അൻസാരി വിലയിരുത്തുന്നു.
തണുപ്പ് കാലം തുടങ്ങിയിട്ടില്ലെങ്കിലും ചൂടിന് നേരിയ ശമനമുണ്ട്. ബഹിരാകാശ വാരാചരണം പോലുള്ള പരിപാടികൾ കൂടുതൽ ആളുകളെ ആകർഷിച്ചതായി എക്സ്പോ കമ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡൻറ് സ്കൊനൈഡ് മക്ഗീച്ചിൻ പറഞ്ഞു. കുട്ടികൾക്ക് ഉല്ലസിക്കാൻ കഴിയുന്ന പരിപാടികൾ സംഘടിപ്പിച്ചത് കൂടുതൽ പേരെ എക്സ്പോയിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് പോലുള്ള ടീമുകളുടെ ക്രിക്കറ്റ് ക്ലിനിക്കുകളും സ്പോർട്സ് പരിപാടികളും സന്ദർശകർ കൂടാൻ ഇടയാക്കി. പവിലിയൻ തിരിച്ചുള്ള കണക്കുകൾ അതത് പവിലിയനുകളാണ് പ്രഖ്യാപിക്കുന്നത്. യു.കെ. പവിലിയനിൽ ലക്ഷം സന്ദർശകരും സൗദിയിൽ 33,000 പേരും എത്തിയത് അവർ പ്രഖ്യാപിച്ചിരുന്നു. തണുപ്പ് തുടങ്ങുന്നതോടെ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികൾ എക്സ്പോയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ടിക്കറ്റെടുത്ത് സന്ദർശനം നടത്തിയവരുടെ എണ്ണം മാത്രമാണ് നിലവിലുള്ളത്. രാജ്യങ്ങളുടെ പ്രതിനിധികൾ, അതിഥികൾ, എക്സ്പോ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe