ചെങ്ങന്നൂര്‍: ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം അനുമതി ലഭിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തെ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിക്കും വിവിധ വകുപ്പുതല മന്ത്രിമാര്‍ക്കും എം.പി.യ്ക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ നഗരസഭാ കൗണ്‍സില്‍ പ്രമേയം. നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ അവതാരകനായും കൗണ്‍സിലര്‍ അശോക് പടിപ്പുരയ്ക്കല്‍ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം നഗരസഭാ കൗണ്‍സില്‍ ഐക്യകണ്ഠേന പാസ്സാക്കി.
മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റുകളിലെ ടോയ്ലറ്റുകള് നവീകരിക്കുകയോ പുതിയതായി നിര്‍മ്മിക്കുകയോ ചെയ്യുന്ന ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയില്‍ ചെങ്ങന്നൂര്‍ നഗരസഭയേയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍പ്രകാരം ചെങ്ങന്നൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിന്റെ വടക്കുവശത്തായി ശുചിത്വമിഷന്റെ സഹകരണത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ച് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ ചെങ്ങന്നൂര്‍ നഗരസഭ തീരുമാനിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ശബരിമലയുടെ പ്രധാന ഇടത്താവളം എന്ന നിലയിലും ചെങ്ങന്നൂര്‍ നഗരത്തില്‍ പൊതു ശൗച്യാലയങ്ങള്‍ ഇല്ലാത്തതിനാലും പുതിയ ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ ആവശ്യപ്രകാരമാണ് ടോയ്ലറ്റ് കോംപ്ലക്സ് പുതിയതായി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. ശുചിത്വ മിഷന്റെ 32 ലക്ഷം രൂപയും നഗരസഭാ പ്ലാന്‍ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപയും മുടക്കി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക ടോയ്ലറ്റുകളും വിശ്രമമുറികളുമടക്കം വിപുലമായ സംവിധാനത്തിലാണ് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത വകുപ്പുമന്ത്രി ശ്രീ.എ.കെ.ശശീന്ദ്രന്, കെ.എസ്.ആര്.ടി.സി. എംഡി ശ്രീ. ബിജു പ്രഭാകര്‍, ചീഫ് എഞ്ചിനീയര്‍ ശ്രീമതി ആര്. ഇന്ദു തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍ നഗരസഭാ സെക്രട്ടറി ജി.ഷെറി, കെ.എസ്.ആര്.ടി.സി. എംഡി ശ്രീ.ബിജു പ്രഭാകര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം പണംകൊടുത്ത് ഉപയോഗിക്കാവുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ 20 വര്‍ഷത്തെ നടത്തിപ്പിന്റെ ചുമതലയും വരുമാനവും ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ഇതുവഴി വരുമാനവും ലഭിക്കും. ഇതേ തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും കരാറെടുത്തയാള്‍ക്ക് എഴ് മാസം കഴിഞ്ഞിട്ടും പണി ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ആരംഭിച്ച പദ്ധതിക്ക് നേരത്തെ അനുവദിച്ചു നല്കിയ സ്ഥലത്ത് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയില്ല എന്നതാണ് കെ.എസ്.ആര്.ടി.സി. എം.ഡി. അറിയിച്ചിരിക്കുന്നത്. വളരെ കൃത്യമായി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിന്റെ ഏത് ഭാഗത്താണ് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇതിനായി അനുമതി ലഭിച്ചത്. വീണ്ടും ആവശ്യപ്പെട്ട പ്രകാരം എവിടെയാണ് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് എംഡിയ്ക്ക് നഗരസഭ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
നഗരസഭയോട് ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം മാസങ്ങള്‍ നീണ്ട നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ഇതിനായി ഫണ്ട് കണ്ടെത്തുകയും ചെയ്തിട്ട് നിര്‍മ്മാണം നടത്താന്‍ കഴിയില്ല എന്ന് പറയുന്നത് നീതിക്ക് നിരക്കാത്തതാണ്. വ്യക്തമായ ധാരണ ഉണ്ടാക്കിയ ശേഷമാണ് കരാറില്‍ ഒപ്പുവച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്. അടിയന്തിരമായി മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ക്കും നഗരത്തിലെത്തിച്ചേരുന്ന ശബരിമല തീര്ത്ഥാടകര്ക്കടക്കം പ്രയോജനം ചെയ്യുന്ന പദ്ധതി തടസ്സപ്പെടുത്താതെ കരാറെടുത്ത ആള്‍ക്ക് നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്, എം.പി. കൊടിക്കുന്നില്‍ സുരേഷ് എന്നിവരോട് നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe