“കുഞ്ഞ് ” എന്നും ഒരു പ്രശ്നമാണ്. വിവാഹം കഴിക്കാതെ കുഞ്ഞുണ്ടായാൽ അതിനെ സമൂഹം അംഗീകരിക്കില്ല. ഇനി വിവാഹം കഴിച്ചവനോ കഴിച്ചവളോ പോയി വേറൊരുത്തിയിലോ ഒരുത്തനിലോ കുഞ്ഞുണ്ടാക്കിയാലും പ്രശ്നം തീരുന്നില്ല. പള്ളിക്കൂടത്തിൽ സ്നേഹത്തിന്റെയും പ്രണയത്തിന്റേയും മഹത്വത്തെപ്പറ്റി വാതോരാതെ അദ്ധ്യാപകർ പഠിപ്പിക്കുകയും സ്നേഹ ഗായകരായ കവികളെ സ്തുതിക്കുകയും ചെയ്യും. എന്നാൽ പത്ത് “എ”യിലെ സുബ്രഹ്മണ്യൻ
ഒമ്പത് “ബി” യിലെ സുഹ്രക്ക് ഒരെഴുത്ത് കൊടുത്തു നോക്കട്ടെ . സംഗതി മാറും. അപ്പോൾ സ്നേഹം പ്രണയം എന്നൊക്കെപ്പറയുന്നത് ഏടുകളിലേ ഉള്ളൂ. ഏട്ടിലെ പശുവിനെക്കൊണ്ട് പുല്ലു തീറ്റിക്കണമെന്നു വെച്ചാൽ നടക്കുന്ന കാര്യമാണോ?”ആരാന്റെ കുട്ടി ” എന്നൊരു കഥയുണ്ട് മലയാളത്തിൽ ആദ്യകാലകഥയാണ്. വാസനാവികൃതിയൊക്കെ ഉണ്ടായ കാലത്തുള്ള കഥ. ഒരു കുട്ടിയേയും കൂട്ടി വീട്ടിലേക്കുവരുന്ന ഗൃഹനാഥന് കേൾക്കേണ്ടി വരുന്ന പഴിക്ക് കൈയ്യും കണക്കുമില്ല. വേറെ ഏതോ സ്ത്രീയിലുണ്ടായ കുട്ടിയേയും കൊണ്ട് വന്നിരിക്കുകയാണെന്ന മട്ടിലുള്ള ഭാര്യയുടെ കുത്തുവാക്കുകളിൽ നായകൻ വേവുകയാണ്. ആ വേവ് കണ്ട് വായനക്കാർ ചിരിയടക്കുന്നു. ഇത്തരം രാകൂടങ്ങളിൽ വന്നുപെടുന്നവരെ ഓർത്തു ചിരിക്കാനാണ് വായനക്കാർക്കിഷ്ടം.
ഒടുവിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ആന്വേഷിച്ച് വരുന്നതുവരെ കഥ കൊണ്ട് കളിക്കുകയാണ് മലബാർ കെ.സി. നായകനരികിൽ കുട്ടിയെ ആക്കിയിട്ട് ഇപ്പം വരാം എന്ന് അമ്മ പറഞ്ഞാൽ ലോകാവസാനം വരെ നോക്കിതിൽക്കണമെന്ന് അർഥമില്ലല്ലോ. പോയ പോക്കാണ്. അമ്മ മ ടങ്ങി വന്നില്ല. നോക്കി നോക്കി കണ്ണു കഴച്ചപ്പോൾ ഗൃഹനാഥന് വീട്ടിലെത്തണം. കുട്ടിയെ കളഞ്ഞിട്ടു പോകാൻ പറ്റുമോ.? കൂടെക്കൂട്ടിക്കൊണ്ടുപോയി.എന്നാൽ ആ കൂട്ടിക്കൊണ്ടുപോകൽ ഏതൊക്കെ വിധമാണ് അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നത്?
എം.ടി. വാസുദേവൻ നായരുടെ “നിന്റെ ഓർമ്മയ്ക്ക്” എന്ന കഥയിൽ സിലോണിൽ നിന്ന് അച്ഛന്റെ വിരലിൽ തൂങ്ങി വരുന്ന പെൺ കുരുന്ന് അമ്മയിൽ അച്ഛനുണ്ടായ കുട്ടിയല്ലെന്ന തിരിച്ചറിവിൽ മ്ലാനത പരത്തുകയാണ് വീട്ടിൽ.ഇനി ഉറൂബിന്റെ “സുന്ദരികളും സുന്ദരന്മാരി ” ലെ വിശ്വം മലബാർ ലഹളക്കാലത്ത് ഒരിസ്ലാമിലുണ്ടായ കുട്ടിയെ എടുത്തു വളർത്തുകയാണ്. പ്രസവിച്ച അമ്മയിൽ നിന്ന് കുഞ്ഞ് വേറിടുകയാണിവിടെയും ജാതിക്കും മതത്തിനും അതീതനായി വളരുകയാണ് വിശ്വം.
ടാഗോറിന്റെ ഗോറയിലെ “ഗൗർ മോഹൻ” ശിപായി ലഹളക്കാലത്ത് ഒരു ഐർലന്റുകാരനിൽ ഇന്ത്യക്കാരിയിലുണ്ടായ കുട്ടിയാണ്. ആ കഥാപാത്രത്തെ ഇന്ത്യൻ സ്വാതന്ത്രൃത്തിന്റെ കാവലാളായി വളർത്തിയെടുക്കുകയാണ് ടാഗോർ .
പി.കേശവദേവ് ഓടയിൽ നിന്ന് കിട്ടിയ ലക്ഷ്മിയെ വളർത്തി വലുതാക്കുന്നു. വിക്ടർ യൂഗോവ് എഴുതിയ പാവങ്ങളിലെ കൊസാത്തിനെ എടുത്ത് വളർത്തുന്ന ഴാങ് വാൽ ഴാങ്ങിനെപ്പോലെ.
എസ്.വി.വേണുഗോപൻ നായർ ,അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വരുമ്പോൾ കാണുന്ന കാഴ്ച “ഗർഭശ്രീമാ “നിൽ എഴുതി വച്ച് അത് ആധുനികതയുടെ പിറവിയാക്കു മ്പോൾ എൻ.എസ്.മാധവൻ ശിശുവിനെ പുതുമാനങ്ങളുള്ള ബിംബ മാക്കി മാറ്റുന്നു. ഇത്തരത്തിൽ ശിശുക്കളെ മലയാള സാഹിത്യം പലവിധത്തിൽ അടയാളപ്പെടുത്താറുണ്ടെങ്കിലും അമ്മയിൽ നിന്ന് കുഞ്ഞിനെ പറിച്ചു മാറ്റി വിപ്ലവം നടപ്പാക്കുന്നതു് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് അത് രാഷ്ട്രീയമായി തിരിയുക കൂടി ചെയ്താലോ?
ഇത് കുട്ടിയേയും മടിയിലിരുത്തി ആരുടെയെങ്കിലും വീട്ടുമുറ്റത്തുവന്നിരിക്കുന്ന ഏർപ്പാടല്ല. പ്രസവിച്ച കുഞ്ഞിനെ തേടി നടക്കുന്ന ഒരമ്മയുടെ പാരവശ്യമാണ്. അത്തരത്തിലുള്ള ഒരു കഥ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ? എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല.
അപ്പോഴുണ്ട് ശ്രീമൂലനഗരം മോഹൻ ഒരു കഥ ചൂണ്ടി എനിക്കയച്ചു തന്നത്. എഴുതിയ ആളാരെന്ന് അറിയില്ല.മഹായുദ്ധകാലത്ത് നടന്ന ഒരു കഥയാണ്. തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്.
യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി…..കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി…തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് എന്തിന്? എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു.
ഉപജീവനത്തിനും ദുഃഖാനുഭവങ്ങൾ മറക്കാനുമായി ഒരു ചെറിയ ഫാക്ടറിയിൽ അയാൾ ജോലിക്ക് കയറി.
പിന്നീട് , അവിടെ തൊഴിലാളിയായിരുന്ന ഒരു ദരിദ്ര സ്ത്രീയായ ജസീന്തയെ വിവാഹവും ചെയ്തു…പക്ഷേ… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മോഹം ജസീന്ത പ്രകടിപ്പിച്ചപ്പോൾ നിക്കോളാസ് രോഷാകുലനായി. ” ഈശ്വരൻ എന്ന പരമ ദുഷ്ടൻ എന്റെ ഭാര്യയേയും മകനേയും തട്ടിയെടുത്തില്ലേ…? ദത്തെടുക്കുന്ന കുഞ്ഞിനേയും തട്ടിയെടുക്കില്ലെന്ന് ആരറിഞ്ഞു….? “
പക്ഷേ , ജസീന്തയുടെ നിർബന്ധപൂർവ്വമായ പ്രേരണകൾക്കും നിരന്തര കരച്ചിലിനും വഴങ്ങി ഒടുവിൽ നിക്കോളാസ് ദത്തെടുക്കാൻ സമ്മതം മൂളി.ജസീന്ത ഒരു അനാഥാലയത്തിൽ എത്തി.
അവിടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.അധികൃതരുമായി സംസാരിച്ച് പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.പക്ഷേ ജസീന്തയോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല.
തന്നോടൊപ്പമുള്ള തന്റെ സഹോദരനെ കൂടി ദത്തെടുത്താൽ മാത്രമേ താൻ വരൂ എന്നവൾ വാശി പിടിച്ചു ; കരഞ്ഞു.ഇത് മരിച്ചു പോയ തന്റെ അമ്മയുടെ ആഗ്രഹം കൂടിയായിരുന്നു എന്നും അവൾ കൂട്ടിച്ചേർത്തു.
അനാഥശാല അധികൃതരും അത് ശരിവെച്ചു.ജസീന്ത ധർമ്മസങ്കടത്തിലായി.രണ്ടു കുട്ടികളെ സ്വീകരിക്കാൻ നിക്കോളാസ് ഒരിക്കലും തയ്യാറല്ലായിരുന്നു.നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ വികാര ഭാവങ്ങൾ ജസീന്തയുടെ ഉള്ളുലച്ചു.ആദ്യം വിസമ്മതിച്ചെങ്കിലും നിക്കോളാസിന്റെ കാലു പിടിച്ച് അപേക്ഷിച്ച് ജസീന്ത രണ്ടു കുട്ടികളേയും ദത്തെടുക്കാൻ ഒരുവിധം സമ്മതിപ്പിച്ചു.രേഖകൾ തയ്യാറാക്കി കുട്ടികളെ സ്വീകരിക്കാൻ അനാഥശാലയിലെത്തിയ നിക്കോളാസ് കുട്ടികളുടെ ജനന രേഖകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി….കുട്ടികളുടെ പിതാവിന്റെ സ്ഥാനത്ത് തന്റെ പേരും മേൽവിലാസവും….ആ കുഞ്ഞുങ്ങൾ നിക്കോളസിന്റേതു തന്നെയായിരുന്നു.
താൻ ജയിലിൽ പോകുമ്പോൾ ഗർഭിണിയായിരുന്ന ഭാര്യ തന്റെ തടവറക്കാലത്ത് ഒരു പെൺകുട്ടിയെ പ്രസവിച്ചിരുന്നത് നിക്കോളസ് അറിഞ്ഞിരുന്നില്ല.നാടുവിടുന്നതിനിടെ ഗുരുതര രോഗം ബാധിച്ചു മരിച്ച ഭാര്യയും മക്കളും അവസാന അഭയമായെത്തിയത് ആ അനാഥശാലയിലായിരുന്നു.മരണസമയത്ത് കുഞ്ഞുങ്ങളെ അരികിൽ നിർത്തി അവർ പറഞ്ഞത് ഇത്രമാത്രം….
” എന്റെ മക്കൾ ഒരിക്കലും വേർപിരിഞ്ഞു കഴിയരുത്… എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും….ഈശ്വരൻ നിങ്ങൾക്ക് കാവലായി എന്നും ഉണ്ടാകും”ഈശ്വരവിശ്വാസം പ്രചരിപ്പിക്കാൻ എഴുതിയ കഥയാണിതെങ്കിലും പ്രത്യയ ശാസ്ത്രത്തിനും യ്യക്തിക്കുമതീതമായ ഒരു പരിണാമഗുപ്തിയുള്ള ഒരു കഥയാണിത്. ദത്തെടുക്കാൻ ചെല്ലുമ്പോൾ കുഞ്ഞിന്റെ തന്തേടെ പേരു് പറയുമോ? ഇല്ല. ആരുടേതാണെന്നൊന്നും പുറത്താക്കാറില്ല. കഥയിൽ ചോദ്യമില്ല!
“ആരാന്റെ കുട്ടി ” എന്നകഥയിൽ ആ കുഞ്ഞ് യഥാർഥത്തിൽ നർമ്മം വിതറി കളിക്കുകയാണ്.
ആ കുഞ്ഞ് പേരൂർക്കട സദാശിവന്റെ ആരുമാകാൻ വഴിയില്ല. എങ്കിലും ഇപ്പോൾ കത്തി നിൽക്കുന്ന വിഷയവുമായി കുഞ്ഞിനെ ബന്ധിപ്പിക്കാൻ കാരണമുണ്ട്.നൊന്തുപെറ്റ അമ്മക്കല്ലേ കുഞ്ഞ് വേറിട്ടതിന്റെ വേദനയുള്ളൂ. മാത്രമോ കേരള രാഷ്ട്രീയത്തിൽ ആ കുഞ്ഞു് മാണിക്കുഞ്ഞിനേക്കാൾ പ്രശ്ന സങ്കീർണ്ണമാവാൻ പോകുന്നതേയുള്ളൂ. കംസനമ്മാവനെ കൊല്ലാൻ പുരാണത്തിലൊരു കുഞ്ഞു പിറന്നതുപോലെ!
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe