ദുബൈ: എക്സ്പോ 2020ലെ സ്വിസ് പവലിയനിൽ അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികൾ നൂറുകണക്കിന് സന്ദർശകരുടെയും ബഹിരാകാശ കുതുകികകളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിരമായ ബഹിരാകാശ പദ്ധതികൾ, റേഡിയോ ആസ്ട്രോണമി, ബഹിരാകാശ അവശിഷ്ടങ്ങളുടെ മാനേജ്മെന്റ്, യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയ വിഷയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒത്തുചേർന്ന് ചർച്ചകൾ നടത്തി.
സ്വിസ് പവലിയനിൽ സംഘടിപ്പിച്ച ബഹിരാകാശ വാരാചരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരെ കണ്ടുമുട്ടാൻ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് പ്രമുഖ സ്വിസ് ബഹിരാകാശ വിദഗ്ധൻ പ്രൊഫ. ക്ലൌഡ് നികോളർ അഭിപ്രായപ്പെട്ടു. ബഹിരാകാശ രംഗത്തെ സ്വിറ്റ്സർലന്റിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ സാധിച്ചത് വലിയൊരു അവസരമാണ്. ഇതൊരു മികച്ച പ്രചോദനവും അറിവും ലോകത്തിന്റെ നല്ല ഭാവിയിലേക്കുള്ള ചുവടുവെപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.