റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവത്കരണം (Saudisation) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാർക്കറ്റിങ് ജോലികള്‍ (Marketing), ഓഫീസ് സെക്രട്ടറി (Office secretary), വിവർത്തനം (Translation), സ്റ്റോർ കീപ്പര്‍ (Store keeper), ഡേറ്റാ എൻട്രി (Data entry) തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തിൽ സ്വദേശിവത്കരിക്കുന്നത്. സ്വദേശികൾക്ക് അനിയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുണ്ടെങ്കിൽ 30 ശതമാനം തസ്തികകൾ സ്വദേശികൾക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം. വിവർത്തനം, സ്റ്റോർ കീപ്പർ, ഡേറ്റാ എൻട്രി ജോലികളിൽ സ്വദേശികൾക്ക് 5000 റിയാൽ മിനിമം വേതനം നൽകണം.
അടുത്ത വർഷം മേയ് എട്ട് മുതലായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക. മാർക്കറ്റിങ് മേഖലയിൽ 12,000ൽ അധികം സ്വദേശികൾക്കും ഓഫീസ് സെക്രട്ടറി, സ്റ്റോർ കീപ്പർ, ഡേറ്റാ എൻട്രി, വിവർത്തനം എന്നീ മേഖലകളിൽ ഇരുപതിനായിരത്തിലധികം സ്വദേശികൾക്കും തൊഴിൽ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.