തുറവൂർ ∙ ഗ്രേഡ് എസ്ഐ വിനയചന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. ബൈക്ക് പാതയോരത്തേക്കു കയറി നിയന്ത്രണം വിട്ടു വശത്ത് ഇടിച്ചുള്ള അപകടമാണെന്നാണ് പൊലീസിന്റെ നിഗമനം . സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇതു വ്യക്തമായത്. ഇന്നലെ ഉച്ചയ്ക്കു ശേഷം വഴിയാത്രക്കാരനാണ് സംശയാസ്പദമായ സാഹചര്യത്തിൽ പാതയോരത്ത് ബൈക്ക് കണ്ടത്.
ചെടികൾ പടർന്നു കിടക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത സ്ഥലത്താണ് ബൈക്ക് മറിഞ്ഞുകിടന്നത്. ബൈക്കിനടിയിൽ പരുക്കേറ്റു കിടക്കുകയായിരുന്നു വിനയചന്ദ്രൻ. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച ശേഷം വാഹനങ്ങൾ എതിർദിശയിലൂടെ പോകുന്നതു പതിവാണ്. ഇത്തരത്തിൽ വാഹനങ്ങൾക്കു സൈഡ് നൽകുമ്പോൾ പാതയോരത്തുനിന്നു തെന്നി നിയന്ത്രണം തെറ്റി മറിഞ്ഞതാണോ എന്നാണ് പൊലീസിന്റെ സംശയം
ശുദ്ധജല വിതരണ പൈപ്പ് വാൽവ് ചേംബറിലെ കോൺക്രീറ്റ് സ്ലാബിൽ നെഞ്ചിടിച്ചു വീണതാണ് മരണകാരണമെന്ന് സൂചന. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചേർത്തല പൊലീസ് സ്റ്റേഷനിലും അതിനു ശേഷം പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിന് എത്തിക്കും. തുടർന്നു വീട്ടിലേക്കു കൊണ്ടുപോകും
ഞെട്ടലോടെ സഹപ്രവർത്തകർ...
പൂച്ചാക്കൽ ∙ രണ്ടര വർഷമായി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന വി.വിനയചന്ദ്രൻ സഹപ്രവർത്തകർക്ക് സുഹൃത്തും മാർഗദർശിയുമായിരുന്നു. 8 മാസം മുൻപാണ് എസ്ഐയായി പ്രമോഷൻ ലഭിച്ചത്. ദേശീയപാത തുറവൂരിൽ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനാപകടമുണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തിൽപെട്ടതെന്നും വയർലെസിലൂടെ കേട്ടെങ്കിലും പൂച്ചാക്കൽപൊലീസ് സ്റ്റേഷനിലെ ആരും വിചാരിച്ചില്ലഅവർക്കൊപ്പമുണ്ടായിരുന്ന വിനയചന്ദ്രനാണ് അപകടത്തിൽപെട്ടതെന്ന്.
അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും മരിച്ചത് വിനയചന്ദ്രനാണെന്നും വാർത്ത വന്നതോടെ സഹപ്രവർത്തകർ ദുഃഖത്തിലായി. പൂച്ചാക്കൽ സ്റ്റേഷനിൽനിന്നു ഡ്യൂട്ടിക്കായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലേക്ക് വിനയചന്ദ്രൻ മാറിയത് രണ്ടാഴ്ച മുൻപാണ്. കഴിഞ്ഞ ദിവസവും പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു