മനാമ: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാൻ ബഹ്റൈൻ ലക്ഷ്യമിടുന്നതായി മന്ത്രിസഭ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സൗദി അറേബ്യയും സമാനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ‘ഹരിത സൗദി’ പദ്ധതിയുടെ ആദ്യ പാക്കേജ് പ്രഖ്യാപിച്ച ഭരണാധികാരികളായ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആൽ സുഊദ് എന്നിവരെ മന്ത്രിസഭ അഭിനന്ദിച്ചു. 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്നാണ് സൗദിയും പ്രഖ്യാപിച്ചിട്ടുള്ളത്.
2020-2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങളിൽ നടപടി സ്വീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടായ പിഴവും പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും ഗൗരവതരമായാണ് കാണുന്നതെന്ന് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
മുൻ വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും പുതിയ റിപ്പോർട്ടിന്മേലുള്ള നടപടികളും എടുക്കുന്നതിന് കോഒാഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അതത് മന്ത്രാലയങ്ങൾ നൽകിയ വിശദീകരണങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. സർക്കാർ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കാൻ ഓഡിറ്റ് റിപ്പോർട്ട് വഴി സാധ്യമാകുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.