കുവൈത്ത് സിറ്റി: 20 ദിവസം മുമ്പ് കുവൈത്തിൽ (Kuwait) കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ് അൻസാറിന്റെ (45) മൃതദേഹമാണ് (mortal remains) ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ (Abandoned building) കണ്ടെത്തിയത്. 20 ദിവസം മുമ്പാണ് അൻസാറിനെ കാണാതായ സമയം മുതൽ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഫഹാഹീലിലെ റെഡിമെയ്ഡ് ഷോപ്പിലായിരുന്നു അൻസാർ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ബുധനാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചിരുന്നു. 20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അൻസാറിന്റേതാണെന്ന് ഞായറാഴ്ച നടത്തിയ ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.
മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ്. ഭാര്യ ദുബൈയിൽ നഴ്സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.