മരിച്ചവരെക്കുറിച്ച് നിരന്തരം എഴുതേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ല എന്നറിയാം. ശിവശങ്കരൻ നായർ എന്ന ശിവൻ ചേട്ടൻ്റേത്. ഞെട്ടലുണ്ടാക്കുന്ന മരണമല്ലെന്നും അറിയാം. എക്കാലത്തും പ്രണയാതുരനായിരുന്ന പ്രിയ സുഹൃത്തായിരുന്നു എനിക്ക് ശിവൻ ചേട്ടൻ.
അതിപ്രശസ്തനായ ഫോട്ടോഗ്രാഫർ, ചലച്ചിത്രനിർമാതാവും സംവിധായകനും സിനിമാരംഗത്ത് പ്രശസ്തരായ മക്കളുടെ അച്ഛൻ , സുഹൃത്തുക്കൾക്ക് എന്നും പ്രിയപ്പെട്ട ഒരാൾ. അങ്ങനെ ബഹുമുഖ വ്യക്തിത്വം കൊണ്ട് തിളങ്ങിയ ഒരാൾ. ഞാൻ ജോലി ചെയ്തിരുന്ന പബ്ളിക് റിലേഷൻസ് വകുപ്പിലെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. സർക്കാർ ചടങ്ങുകളുടെ ഫോട്ടോ പകർത്തി ഒടുങ്ങേണ്ടതല്ല തൻ്റെ കരിയർ എന്ന ബോധമുണ്ടായിരുന്നത് കൊണ്ടാവാം അദ്ദേഹം രാജിവച്ച് കളമൊഴിഞ്ഞു. എങ്കിലും സെക്രട്ടേറിയറ്റിലേയ്ക്ക് ഇടയ്ക്കിടെയുള്ള സന്ദർശനവേളകളിൽ അദ്ദേഹം എൻ്റെ ഓഫീസ് മുറിയിലുമെത്തിയിരുന്നു. എഴുത്തിൻ്റെ കാര്യത്തിൽ സദാ അലസയായിരുന്ന എന്നെ അക്ഷരങ്ങളുടെ മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടു പോകുക തൻ്റെ നിയോഗമാണെന്ന് ശിവൻ ചേട്ടൻ അവകാശപ്പെട്ടിരുന്നു.
എൻ്റെ ഭർത്താവും ചലച്ചിത്ര തിരക്കഥാകൃത്തുമായ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ അദ്ദേഹത്തിൻ്റെ മകൻ സംഗീത് ശിവൻ ഒരുക്കിയ ചിത്രമാണ് “യോദ്ധ”. കുട്ടികളുടെ സിനിമയായിരുന്നു ശിവൻ ചേട്ടൻ്റെ സ്വപ്ന പദ്ധതി. അതീവ സങ്കീർണമായ വിഷയമായതിനാൽ ഞാനൊരു കേൾവിക്കാരി മാത്രമായിരുന്നു. ഒടുക്കം എന്നോട് പറഞ്ഞ് മടുത്ത് അദ്ദേഹം സ്വയം പിൻ വാങ്ങി. മരണവും ഒരു പിൻവാങ്ങലാണല്ലോ. പ്രതീക്ഷകളിൽ നിന്ന്, ആഗ്രഹങ്ങളിൽ നിന്ന്, വേദനകളിൽ നിന്നുമൊക്കെയുള്ള നിരുപാധികമായ ഒരു പിൻമാറ്റം.
എന്നോട് പലപ്പോഴായി ശിവൻ ചേട്ടൻ പങ്കുവച്ച സ്വന്തം ജീവാതാനുഭവ നുറുങ്ങുകൾ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന തരത്തിലുള്ളതായിരുന്നു. അമ്പലവാസിയായ ഹരിപ്പാട്ടുകാരൻ. ഇളംപ്രായത്തിൽ മുറപ്പെണ്ണിനോട് തോന്നിയ കടുത്ത പ്രണയം. ജീവിക്കാൻ ചുറ്റുപാടില്ലാത്തവൻ്റെ പ്രണയം ബന്ധുക്കൾ അംഗീകരിച്ചില്ല. ഒടുവിൽ കാമുകിയുമൊത്ത് ഒളിച്ചോട്ടം. പറയത്തക്ക ജീവിത സാഹചര്യമൊന്നും ഒരുക്കാതെയുള്ള പലായനം ഒഴുക്കിനെതിരെയുള്ള നീന്തലായിരുന്നു. എന്തെന്ത് പ്രതിസന്ധികളാണ് കാത്തിരുന്നതെന്നോ. ജീവിത യാതനകളിൽ ഉലയാതെ ഒപ്പം നിന്ന സഖി. പരിഹസിച്ചവരോടുള്ള പക മാത്രമായിരുന്നു ഉയരങ്ങളിലെത്താനുള്ള ഊർജം.
“എൻ്റെ മണി (ഭാര്യ)ക്കുള്ളതായിരുന്നു പിന്നീടുള്ള ഓരോ വിജയവും.”
എൻ്റെ ഓഫീസ് മുറിയിലിരുന്ന് ശിവൻ ചേട്ടൻ ഒത്തിരിത്തവണ അനുഭവങ്ങളുടെ കെട്ടറുത്തു. അകാലത്തിൽ വിട പറഞ്ഞ ഭാര്യയെപ്പറ്റി പറയുമ്പോൾ ഉന്മാദഭരിതനായ കാമുകനെപ്പോലെ “‘എൻ്റെ മണി , എൻ്റെ മണിയുടെ സന്തോഷം ,എൻ്റെ മണിയുടെ ചിരി , എൻ്റെ മണിയുടെ സ്വപ്നം…”
അതെ, അതിവൈകാരികതയുടെ ഓളപ്പാത്തികളിൽ ആ ഹൃദയം ചാഞ്ചാടുന്നത് വ്യക്തമായും ഞാനറിഞ്ഞിരുന്നു. നഷ്ടസ്വപ്നങ്ങളുടെ പിന്നാമ്പുറത്തേക്ക് പുറപ്പെട്ട് പോയ പ്രണയിയുടെ മനസ്സിൻ്റെ വിഹ്വലതകൾ ആകാംക്ഷയോടെ അതിലേറെ അനുതാപത്തോടെ ഞാൻ നിശബ്ദം കേട്ടിരുന്നു .
”എൻ്റെ മണിയുടെ കഥ ഒന്നെഴുതാമോ, സിനിമയാക്കാം, നമുക്ക്. സംഗീത് ചെയ്യട്ടെ ,സന്തോഷിൻ്റെ ക്യാമറ….” ഓരോ കഥ പറച്ചിലിനിടയിലും ശിവൻ ചേട്ടൻ ഇങ്ങനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പോങ്ങും മൂട്ടിലെ വീടിന് പിന്നിലെ ചേലൊത്ത ശവക്കൂടീരത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനായ് മികച്ച സംഗീതക്കച്ചേരി ഒരുക്കിയിരുന്നു ശിവൻ ചേട്ടൻ. എന്തെന്ന് നിർവചിക്കാനാവാത്ത ഒരനുഭൂതി, അലൗകികമായ എന്തോ ഒന്ന് ആ പരിസരത്ത് തങ്ങി നിന്നിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിച്ച് കൊതിതീരാതെ കടന്ന് പോയ ഒരാത്മാവിൻ്റെ നെടുവീർപ്പുകൾക്കായ് ഞാൻ കാതോർത്തിട്ടുമുണ്ട്.
ഡോ.ഓമനക്കുട്ടിയുടെ ആലാപനം കേട്ടിരുന്ന ഒരു സന്ധ്യയ്ക്ക് , “ഏറ്റവും പിന്നിലിരിക്കാം ഞാൻ, എൻ്റെ മണി അവിടെ തനിച്ചല്ലേ ” എന്ന് മന്ദഹാസത്തോടെ , കാവ്യാത്മകമായി ഉരുവിട്ട് എന്നെ ഞെട്ടിച്ചു, ആ നിത്യ കാമുകൻ.
പ്രശസ്തരായ മക്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും ആ ദിവസം നാല് പേരും നിർബ്ബന്ധമായും തന്നോടൊപ്പം അമ്മയ്ക്കരികിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹത്തിൻ്റെ ആഗ്രഹം മക്കളും തെറ്റിക്കാറില്ല. .
ഭൂമിയിലെ താമസക്കാർക്ക് പരിചിതമല്ലാത്ത എവിടെയോ ഒരിടത്ത് ശിവൻ ചേട്ടൻ ഇനിയും സംഗീതസന്ധ്യ ഒരുക്കുമെന്നറിയാം. നിശ്ചയമായും എനിക്കും ക്ഷണമുണ്ടാകുമെന്നും അറിയാം. പഴയത് പോലെ നിരന്തരം വിളിച്ച് ഓർമപ്പെടുത്തുകയൊന്നും വേണ്ട കേട്ടോ , ഞാൻ വരും. സ്നേഹ വിളികളെ ആർക്കാണ് തിരസ്ക്കരിക്കാനാവുക.
അതുവരേയ്ക്കും ശുഭയാത്ര ….