ടി20 ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 172 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 171 റൺസാണ് നേടിയത്. ഓപ്പണർ മുഹമ്മദ് നയിമിന്റെയും മുഷ്ഫിഖുർ റഹീമിന്റെയും പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. നയിം 52 പന്തിൽ നിന്ന് 62 റൺസ് എടുത്തപ്പോൾ മുഷ്ഫിഖുർ 37 പന്തിൽ 57 റൺസ് എടുത്തു.
ശ്രീലങ്കയ്ക്കായി ചമീര കരുണരത്നെ ബിനുര ഫെർണാൻഡോ ലഹിരു കുമാര എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കൻ ടീമിൽ ഒരു മാറ്റമാണുള്ളത്. സ്പിന്നർ തീക്ഷണയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ടീമിലിടം നേടി.
ബംഗ്ലാദേശ് യോഗ്യതാമത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. യോഗ്യതാ മത്സരം ജയിച്ചുവന്ന രണ്ട് ടീമുകളാണ് ഇന്ന് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഗ്രൂപ്പ് എ യിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ശ്രീലങ്കയെത്തുന്നത്. മറുവശത്ത് ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനം നേടിയാണ് ബംഗ്ലാദേശിന്റെ വരവ്. യോഗ്യതാമത്സരത്തിൽ അപരാജിതക്കുതിപ്പ് നടത്തിയ ശ്രീലങ്കയുടെ പ്രധാന ആയുധം കരുത്തുറ്റ ബൗളിങ് നിരയാണ്. മറുവശത്ത് ബംഗ്ലാദേശിന്റെയും ബൗളിങ് വിഭാഗം സുശക്തമാണ്.