ഷാർജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ശ്രീലങ്കൻ ടീമിൽ ഒരു മാറ്റമാണുള്ളത്. സ്പിന്നർ തീക്ഷണയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ടീമിലിടം നേടി. ബംഗ്ലാദേശ് യോഗ്യതാമത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി.
യോഗ്യതാ മത്സരം ജയിച്ചുവന്ന രണ്ട് ടീമുകളാണ് ഇന്ന് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഗ്രൂപ്പ് എ യിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ശ്രീലങ്കയെത്തുന്നത്. മറുവശത്ത് ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനം നേടിയാണ് ബംഗ്ലാദേശിന്റെ വരവ്.
യോഗ്യതാമത്സരത്തിൽ അപരാജിതക്കുതിപ്പ് നടത്തിയ ശ്രീലങ്കയുടെ പ്രധാന ആയുധം കരുത്തുറ്റ ബൗളിങ് നിരയാണ്. മറുവശത്ത് ബംഗ്ലാദേശിന്റെയും ബൗളിങ് വിഭാഗം സുശക്തമാണ്.