അബുദാബി : കോവിഡിനുശേഷം അബുദാബി യാസ് മറീന സർക്യൂട്ടിലേക്ക് മുഴുവനാളുകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും ഇത്തവണ ഫോർമുല വൺ ഗ്രാൻഡ്പ്രീ ചാമ്പ്യൻഷിപ്പ് നടക്കുക. 2021 സീസണിലെ അവസാനമത്സരങ്ങൾ അബുദാബിയിൽ ഡിസംബർ ഒമ്പതുമുതൽ 12 വരെയാണ് നടക്കുക.
ഏറ്റവുമധികം ആരാധകരുള്ള ഈ അതിവേഗ കാറോട്ടമത്സരം കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ് അബുദാബിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലെ ട്രാക്കിലൂടെയാണ് റേസിങ് നടന്നത്. ഇത്തവണ വീണ്ടും പഴയനിലയിലേക്ക് ഗ്രാൻഡ്പ്രീ എത്തുന്നതിന്റെ സന്തോഷത്തിലാണ് വാഹനപ്രേമികൾ. 12 വയസ്തസിന് താഴെയുള്ള കുട്ടികൾക്കും ഇത്തവണ പ്രവേശനം അനുവദിക്കുന്നുണ്ട്.
അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസും 48 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലവുമാണ് പ്രവേശന മാനദണ്ഡം. മാസ്ക് ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും വേണം. വേദികൾ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തും. ഒരു ദിവസത്തേക്കുള്ള ടിക്കറ്റും ഹോസ്പിറ്റാലിറ്റി പാക്കേജുമെല്ലാം ലഭ്യമാണ്. വേഗരാജാക്കന്മാരായ ലൂയി ഹാമിൽട്ടൺ, മാക്സ് വെസ്തെപെൻ ലൂയി കാപൽദി, ഖാലിദ് എന്നിവരടക്കമുള്ളവർ അബുദാബി ട്രാക്കിൽ മാറ്റുരയ്ക്കും. യാസ് ഐലന്റിലെ മറ്റ് വിനോദ കേന്ദ്രങ്ങളും ആഘോഷപരിപാടികളുമായി സജീവമാണ്.