ദുബൈ: ഫുട്ബാളിൽ പ്രീമിയർ ലീഗിലും ലാ ലിഗയിലുമെല്ലാം ഇന്ന് വീറുറ്റ പോരാട്ടങ്ങൾ നടക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തിെൻറ കണ്ണ് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ മാത്രമായിരിക്കും. ക്രിക്കറ്റിലെ എൽക്ലാസികോ എന്നു വിശേഷിപ്പിക്കാവുന്ന ഒരു മത്സരം ലോകത്ത് അരങ്ങുതകർക്കുന്നുെണ്ടങ്കിൽ അവിടെ ഏറ്റുമുട്ടുന്നത് രണ്ടു ടീമുകളായിരിക്കും -ഇന്ത്യയും പാകിസ്താനും.
ഷാർജ കപ്പിെൻറ നൊസ്റ്റാൾജിയയിൽ മതിമയങ്ങുന്ന ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ വീണ്ടുമൊരു തീപ്പൊരി വിതറാൻ മണലാരണ്യത്തിൽ ഇന്ത്യയും പാകിസ്താനും ഇന്ന് വീണ്ടുമിറങ്ങുന്നു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് (യു.എ.ഇ 6.00) പോരാട്ടം ആരംഭിക്കും. ലോകകപ്പിൽ ഇന്നേവരെ പച്ചപ്പടക്കു മുന്നിൽ തലകുനിക്കേണ്ടിവന്നിട്ടില്ലാത്ത ഇന്ത്യ ചരിത്രം നിലനിർത്താനിറങ്ങുേമ്പാൾ പഴയ ഹോം ഗ്രൗണ്ടിൽ പുതുചരിത്രമെഴുതാനാണ് പാകിസ്താെൻറ പടപ്പുറപ്പാട്. ഈ ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണ്. ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു. ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെ ശ്രീലങ്ക നേരിടും. സൂപ്പർ 12 റൗണ്ടിലെ രണ്ടാം ഗ്രൂപ്പിലാണ് ഇന്നത്തെ രണ്ടു കളികളും.