ദുബായ്: കേരളത്തെ യന്ത്രവൽക്കൃത മത്സ്യബന്ധനം പഠിപ്പിച്ച നോർവേയുടെ പവിലിയൻ ഓപർച്യൂണിറ്റി മേഖലയിൽ ഏറ്റവും ആദ്യമാണ്. ഓപർച്യൂണിറ്റി പവിലിയന്റെ തൊട്ടടുത്തുള്ള പവിലിയൻ മത്സ്യബന്ധന കപ്പലിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നതും. സമുദ്ര മലിനീകരണത്തിനെതിരെയും കടൽസമ്പത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുന്നു.
ഇപ്പോഴത്തെ അവസ്ഥയിൽ പോയാൽ 2050ൽ സമുദ്രത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യമാകുമെന്നു മുന്നറിയിപ്പാണ് പവലിയിന്റെ പ്രവേശന കവാടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്നത്. മത്സ്യബന്ധനത്തിൽ കേമൻമാരായ നോർവെക്കാർ 1952ലാണ് കൊല്ലം സ്വദേശികളെ ബോട്ടും കപ്പലും വമ്പൻ വലകളും ഉപയോഗിക്കാൻ പഠിപ്പിച്ചത്. അതിനായി 1952ൽ ഇന്ത്യയുമായി കരാറിലും ഏർപ്പെട്ടിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് ഒന്നാം പഞ്ചവൽസര പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഡോ നോർവീജിയൻ പ്രോജക്ട് എന്ന പേരിൽ നടപ്പാക്കിയ ആ പദ്ധതിയുടെ ഭാഗമായാണ് നീണ്ടകരയിൽ ആദ്യമായി ബോട്ടും ഐസ് പ്ലാന്റുകളും ഒക്കെ നിർമിക്കുന്നത്.