കുവൈത്ത് സിറ്റി: വിൽപന നടത്താനായി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി ( locally-made booze) രണ്ട് പ്രവാസികൾ കുവൈത്തിൽ (Kuwait) അറസ്റ്റിലായി. സംഘത്തിലെ മറ്റൊരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാൽമിയ പൊലീസാണ് (Salmiya police) നടപടിയെടുത്തതെന്ന് അൽ – റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
പ്രാദേശികമായി നിർമിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഏതാനും വാഹനങ്ങൾ തടഞ്ഞുനിർത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് ഒരു കാറിൽ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആൽക്കഹോൾ കൺട്രോളിന് കൈമാറി.