ദുബായ് : ലോകപ്രശസ്ത മാഡം തുസാർഡ്സ് മെഴുക് പ്രതിമ മ്യൂസിയം ദുബായിൽ തുറന്നു. മധ്യപൂർവദേശത്തെ ആദ്യ മാഡം തുസാർഡ്സ് മ്യൂസിയം ബ്ളൂ വാട്ടേഴ്സ് ദ്വീപിലാണ് പൊതുജനങ്ങൾക്കായി തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിരാട് കോലി എന്നിവരടക്കം 60 പ്രശസ്തവ്യക്തികളുടെ പ്രതിമകളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധമേഖലകളിൽ പ്രശസ്തരായവരുടെ മെഴുകു പ്രതിമകളവതരിപ്പിക്കുന്ന മാഡം തുസാർഡ്സ് മ്യൂസിയം ഇതാദ്യമായാണ് ഗൾഫിൽ തുറക്കുന്നത്. ഈന്തപ്പനകൾ അണിനിരന്ന അറേബ്യൻ പശ്ചാത്തലത്തിലാണ് പ്രതിമകൾ അവതരിപ്പിച്ചിരിക്കുന്നത്. ദുബായിൽ ഒരുക്കിയിരിക്കുന്ന 60 പ്രതിമകളിൽ 16 എണ്ണം ഗൾഫ് മേഖലയിലെ പ്രശസ്ത വ്യക്തികളുടേതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്, ഫോണും പിടിച്ചിരിക്കുന്ന യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ചായകപ്പുകളും കേക്കും നിരത്തിവച്ചിരിക്കുന്ന ടേബിളിനു മുന്നിലിരിക്കുന്ന എലിസബത് രാജ്ഞി തുടങ്ങിയവരാണ് ഭരണാധികാരികളുടെ നിരയിലുള്ളത്.
വിരാട് കോലി, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ കായികതാരങ്ങളുടെ ജീവൻ തുടിക്കുന്ന പ്രതിമകൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാനും അവസരമുണ്ടാകും. വിൽ സ്മിത്, ലേഡി ഗാഗ. ഋത്വിക് റോഷൻ തുടങ്ങി സിനിമാ, സംഗീത രംഗത്തെ പ്രശസ്തരും ദുബായ് മ്യൂസിയത്തിൽ ഇടം നേടിയിട്ടുണ്ട്.