ന്യൂ ഡൽഹി : റീറ്റെയ്ൽ ഓഫ് ദി ഫ്യൂച്ചർ ‘(ആർ.ഒ.ടി.എഫ്) എന്ന പേരിൽ രാജ്യത്ത് വാഹനം നേരിട്ട് വിൽക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്.ഈ വർഷം ജൂണിൽതന്നെ കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ് ബെൻസ് ഇന്ത്യ നടപ്പാക്കുന്നത്.
എന്നാൽ വാഹനം വാങ്ങുന്നവർ ബെൻസിന് നേരിട്ട് പണം നൽകുകയായിരിക്കും ചെയ്യുക. ഡിസ്കൗണ്ടുകളും ഓഫറുകളും കമ്പനി നേരിട്ട് നടപ്പാക്കും.പുതിയ സംവധാനം അനുസരിച്ച് ടെസ്റ്റ് ഡ്രൈവുകളും വാഹന വിതരണവും ഡീലർഷിപ്പുകൾ തന്നെ നടത്തും. പരമ്പരാഗതമായി, കാർ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ ആദ്യം അംഗീകൃത ഡീലർഷിപ്പുകൾക്ക് വിൽക്കുകയും അവർ ഭാവി ഉടമകൾക്ക് റീട്ടെയിൽ ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഇതിനാണ് ബെൻസ് മാറ്റം വരുത്തുന്നത്.ഉപഭോക്താക്കൾക്ക് ഡീലർമാരുമായി വിലയോ ഒാഫറുകളോ ചർച്ച ചെയ്യാൻ കഴിയില്ല.
ആഗോള വിപണിയിൽ സ്വീഡൻ, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇൗ സംവിധാനം ബെൻസ് നടപ്പാക്കിയിരുന്നു. ആർ.ഒ.ടി.എഫ് പ്രകാരം ഉപഭോക്താക്കൾക്കുള്ള കിഴിവുകൾ തുടരുമെന്നും അവ രാജ്യത്തുടനീളം ഒരേപോലെയായിരിക്കുമെന്നും ബെൻസ് അറിയിച്ചു.
ബുക്കിങ് സമയത്തുതന്നെ ഉപഭോക്താക്കൾക്ക് വിഐഎൻ (വാഹന തിരിച്ചറിയൽ നമ്പർ) നൽകും. ഓൺലൈൻ സ്റ്റോറിൽ നിന്ന് വാഹനം വാങ്ങുന്നവർക്ക് ലഭ്യമായ സ്റ്റോക്കിൽ നിന്ന് അവരുടെ കൃത്യമായ മോഡൽ സ്പെസിഫിക്കേഷൻ തിരയാനും അവരുടെ പിൻ കോഡ് അടിസ്ഥാനമാക്കി ഓൺ-റോഡ് വില കാണാനും ബുക്കിങ് നടത്താനും കഴിയും.