ന്യൂഡൽഹി: 94ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം ‘കൂഴങ്കൾ’ തെരഞ്ഞെടുത്തു. പി.എസ്. വിനോദ് രാജാണ് ചിത്രത്തിൻറെ സംവിധായകൻ. നടി നയൻതാരയും വിഘ്നേഷ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചത്.
രാജ്യത്തെ വിവിധ ഭാഷകളിൽനിന്നുള്ള 14 ചിത്രങ്ങളിൽ നിന്നാണ് ‘കൂഴങ്കൾ’ തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂറിയാണ് സിനിമ തെരഞ്ഞെടുത്തത്.
മലയാള ചലച്ചിത്രമായ നായാട്ട് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. തമിഴിൽനിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ ‘മണ്ടേല’, വിദ്യ ബാലൻ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ‘ഷേർണി’, സ്വാതന്ത്ര്യസമര നായകൻ ഉദ്ധം സിങ്ങിൻെറ ബയോപിക് ആയി ഷൂജിത് സർക്കാർ സംവിധാനം ചെയ്ത ‘സർദാർ ഉദ്ധം’ തുടങ്ങിയവയും പട്ടികയിലുണ്ടായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടാ’യിരുന്നു 2020ൽ ഇന്ത്യയുടെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രി. ‘ജല്ലിക്കെട്ടി’ന് പക്ഷേ നോമിനേഷനിൽ ഇടം നേടാനായില്ല. 2019ൽ ‘ഗള്ളി ബോയ്’, 2018ൽ ‘വില്ലേജ് റോക്ക് സ്റ്റാർസ്’, 2017ൽ ‘ന്യൂട്ടൺ’, 2016ൽ ‘വിസാരണൈ’ സിനിമകളാണ് ഔദ്യോഗിക എൻട്രികളായി അയക്കപ്പെട്ടത്.
















