തൃശൂർ ∙ മലയാളത്തിലെ വൻ ബജറ്റ് സിനിമകൾ നവംബർ രണ്ടാംവാരം വരെ റിലീസ് ചെയ്യില്ല. ജനം തിയറ്ററുകളിലേക്ക് എത്തുമോയെന്ന് അറിഞ്ഞ ശേഷം റിലീസ് ചെയ്യാനാണു നിർമാതാക്കളുടെ തീരുമാനം. 25 മുതൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും മിക്ക തിയറ്ററുകളും 27നു ജയിംസ് ബോണ്ട് ചിത്രമായ ‘ടൈം ടു ഡൈ’ റിലീസ് ചെയ്യുന്നതോടെയാകും തുറക്കുക.ജനങ്ങൾ തീർച്ചയായും തിയേറ്ററിൽ എത്തും എന്ന് തന്നെ പ്രതീക്ഷിക്കാം
നൂറോളം സിനിമകൾ റിലീസിനു തയാറാണെന്നു തിയറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്. പക്ഷേ നവംബർ അവസാനം വാരം മുതൽ മാത്രമാണ് ഇവർ തിയറ്റർ ചോദിക്കുന്നത്. അതുവരെ തിയറ്ററുകൾ എങ്ങനെ പിടിച്ചു നിൽക്കുമെന്നു വ്യക്തമല്ല. ക്രിസ്മസ് റിലീസായി ഡിസംബറിൽ 2 ബിഗ് ബജറ്റ് സിനിമകൾ എത്തുമെന്നാണു കരുതുന്നത്. ഒരു സിനിമ മാത്രമേ ഉറപ്പായിട്ടുള്ളു. രജനീകാന്ത് സിനിമ നവംബർ 4ന് എത്തും. എന്നാൽ കേരളത്തിൽ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. 3 തമിഴ് സിനിമകൾ വരുമെന്ന് ഉറപ്പായി. മലയാളത്തിലെ എത്ര സിനിമകൾ ഉടൻ തിയറ്ററിലേക്ക് എത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.
റിലീസ് ചാർട്ട് ഉണ്ടാക്കാൻ തിയറ്റർ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി സെൻസർ ചെയ്ത സിനിമകൾ മാത്രമേ ഇതിലുണ്ടാകൂ. ആദ്യം തയാറാകാതെ പിന്നീട് ഇടിച്ചു കയറുന്നതു തടയാനാണിത്. ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ എടുക്കുന്നതു കുറച്ചിട്ടുണ്ട്. പല മലയാള സിനിമകളുടെയും കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതുകൊണ്ടാണിത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നു മറുപടി കാത്തിരിക്കുന്ന പലരും തിയറ്ററിൽ സിനിമയുമായി എത്തേണ്ടിവരും. എന്നാലും തുടക്കത്തിൽ തിയറ്ററുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ചെറുതാകില്ല. സർക്കാർ സഹായത്തോടെ ഇതു മറികടക്കാനാകുമെന്നാണു പ്രതീക്ഷ