അൽ തുമാമ: അമീർ കപ്പ് കലാശപ്പോരാട്ടത്തിൽ അൽ റയ്യാനെ തോൽപിച്ച അൽ സദ്ദ് എഫ്സി കിരീടം നിലനിർത്തി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അൽ സദ്ദ് വിജയം സ്വന്തമാക്കിയത്. ലോകകപ്പിനായി ഒരുക്കിയ അൽതുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനിയാണ് വിജയികളെ കിരീടം ചൂടിച്ചത്. പതിനെട്ടാം തവണയാണ് അൽ സദ്ദ് എഫ്സി അമീർ കപ്പിൽ മുത്തമിടുന്നത്.
നിലവിലെ ചാമ്പ്യൻമാരെ ഞെട്ടിച്ചുകൊണ്ട് ബ്രാഹിമിയുടെ പെനാൽറ്റി ഗോളിലൂടെ അൽ റയ്യാനാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. നാല്പത്തിനാലാം മിനിറ്റിലായിരുന്നു ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുൻ ആഴ്സണൽ താരം സാന്റി കസോളയുടെ ഗോളിലൂടെ അൽ സദ്ദ് ഒപ്പമെത്തി. ഇത്തവണയും പെനാൽറ്റി സ്പോട്ടിൽ നിന്നാണ് ഗോൾ പിറന്നത്.
ശേഷിച്ച സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാൻ കഴിയാതെ പോയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. അൽ റയ്യാന്റെ അവസാനകിക്ക് അൽ സദ്ദ് ഗോൾകീപ്പർ സാദ് അൽ ഷീബ് തട്ടിയകറ്റിയതോടെ അൽ സദ്ദ് വിജയതീരമണയുകയായിരുന്നു. സ്റ്റേഡിയത്തിന്റെ ഉൽഘാടന ചടങ്ങുകൾക്കും, ഫൈനൽ മത്സരത്തിനും നാല്പത്തിനായിരത്തോളം കാണികളാണ് സാക്ഷ്യം വഹിച്ചത്.