റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കോവിഡ് വാക്സിനേഷൻ (covid vaccination) നാലര കോടി കവിഞ്ഞു. രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്തതായി ആരോഗ്യമന്ത്രാലയം (Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിൽ 24,018,342 എണ്ണം ആദ്യ ഡോസ് ആണ്. 21,038,295 എണ്ണം സെക്കൻഡ് ഡോസും. 1,691,245 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
അതിനിടെ രാജ്യത്ത് 51 പേർക്ക് കൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 59 പേർ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് കോവിഡ് കാരണം മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,162 ആയി. ഇതിൽ 5,37,208 പേരും സുഖം പ്രാപിച്ചു. ആകെ 8,774 പേർ മരിച്ചു.