ഷാർജ: അയർലൻഡിനെ (Ireland ) എട്ടു വിക്കറ്റിന് കീഴടക്കി ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ (T20 World Cup) സൂപ്പർ 12ൽ(Super 12 stage) പ്രവേശിച്ച് നമീബിയ( Namibia). അയർലൻഡ് ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ ഒമ്പത് പന്തുകൾ ബാക്കി നിൽക്കേ വിജയത്തിലെത്തി.
ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ 12-ല്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി നമീബിയ. ടെസ്റ്റ് യോഗ്യതയുള്ള ഒരു രാജ്യത്തിനെതിരെയുള്ള നമീബിയയുടെ ആദ്യ ജയമാണിത്. ശ്രീലങ്ക ഈ ഗ്രൂപ്പില്‍ നിന്ന് നേരത്തെ യോഗ്യത നേടിയിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയപ്പെട്ടശേഷമാണ് നമീബിയയുടെ തിരിച്ചുവരവ്. നെതർലൻഡ്സിനെയും അയർലൻഡിനെയും തോൽപ്പിച്ച നമീബിയ ചരിത്ര നേട്ടം കുറിച്ചു.
അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസാണ് നമീബിയയുടെ വിജയം എളുപ്പമാക്കിയത്. 49 പന്തുകള്‍ നേരിട്ട ജെര്‍ഹാര്‍ഡ് ഒരു സിക്സും മൂന്ന് ഫോറുമടക്കം 53 റണ്‍സെടുത്തു.
ഡേവിഡ് വൈസ് 14 പന്തില്‍ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 28 റണ്‍സോടെ പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ക്രെയ്ഗ് വില്യംസ് (16 പന്തില്‍ 15 റണ്‍സ്), സെയ്ന് ഗ്രീന്‍ (32 പന്തില്‍ 24 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് നമീബിയക്ക് നഷ്ടമായത്.
നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിറങ്ങിയ അയർലൻഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയി. ഐറിഷ് നിരയിൽ പോൾ സ്റ്റിർലിംഗ്(38), കെവിൻ ഒബ്രിയൻ(25), ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനി(21) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. നമീബിയയ്ക്ക് വേണ്ടി ജാൻ ഫ്രൈലിംഗ് മൂന്നു വിക്കറ്റ് നേടി.