മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘ഡാം 999’ സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ് അത് പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു.
‘രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി . തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’ – അദ്ദേഹം പറഞ്ഞു.
















