നീരാ ആര്യയെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ജീവൻ ഏകിയവരുടെ കഥകൾ കൊണ്ട് ചരിത്രം മുഖരിതമാണ്. എന്നാൽ മുലകൾ ദാനം ചെയ്ത് സ്വാതന്ത്ര്യത്തിന് കാവലാളായ ഒരുവളുടെ കഥയാണിന്ന് കഥിക്കാൻ പോകുന്നത്. മുടിപറിച്ച് നടക്കടിച്ചോ മുലപറിച്ച് ദൂരെക്കളഞ്ഞോ അല്ല അവർ ഇന്ത്യയിലെ ബ്രിട്ടീഷ് കുലത്തിൻ്റെ കടയ്ക്കൽ കത്തി വെച്ചത്.
മുലപറിച്ച് കുലമടക്കിയവരുടെ ഗണത്തിൽ പെട്ട നീര ആര്യയെ സമ്മതിച്ചു കൊടുക്കണം! ഗാന്ധിജിക്ക് തീരെ താത്പര്യമില്ലാത്ത രണ്ടെണ്ണമാണ് നീര ആര്യ നഷ്ടമാക്കിയത്. ഇനി ഞാൻ പറയുന്നത് ഭാവന നെയ്തുണ്ടാക്കിയ കഥയല്ല! കഥയെഴുതാൻ ഒരു ആത്മകഥയിൽ നിന്ന് തോണ്ടിയെടുത്ത് വച്ചിരുന്നതാണ്. അങ്ങാടിയിൽ പാട്ടായ സ്ഥിതിക്ക് പാതി വെന്തിട്ടേയുള്ളൂ. അടുപ്പത്തു നിന്നിറക്കുന്നു. Autobiography of Neera Arya “Farhana Taj ” എന്ന പേരിൽ ഒരു പുസ്തകമിറങ്ങിയിരിക്കുന്നു.. അതിൽ നിന്ന് ചൂണ്ടിയതാണീ കഥ.
ഇവൾ,നീര ആര്യ! 1902 മാർച്ച് 15 ന് ജനനം. 1998 ജൂലൈ 26 ന് ചരമം. 96 വയസ്സുവരെയാണ് അവർ ജീവിച്ചിരുന്നത്. മനസ്സിൻ്റെ സ്ഥൈര്യമായിരിക്കണം ആയുസ്സിന് കാരണമായത്. ആരാണ് നീരാ ആര്യ എന്നാണെങ്കിൽ ഒറ്റവാക്കിൽ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ വിശ്വസ്തയായ അനുയായി എന്നുത്തരം. ടി ഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക അനുഭവിച്ചതിനേക്കാൾ യാതനാനിർഭരമായിരുന്നു ആര്യയുടെ തടവറയിലെ ജീവിതം.
നേതാജി സുഭാഷ് ചന്ദ്രബോസിനോളം പ്രിയപ്പെട്ട മുലകൾ എങ്ങനെയാണ് അവർ സ്വാതന്ത്ര്യത്തിന് നൽകിയത്? ആരുടെ കൈയ്യിലാണ് കൊടുത്തത്? എന്നൊക്കെ ചരിത്ര സ്നേഹികൾ ഉത്കണ്ഠാകുലരാകുമെന്നറിയാം. ആർക്കായിരിക്കും കൊടുത്തിരിക്കുക.? ബ്രിട്ടീഷുകാർക്ക് അല്ലാതെ പിന്നെ ആർക്ക് അറത്തു കൊടുക്കാൻ! അതിനി ബ്രിട്ടീഷ് മ്യൂസ്യത്തിൽ കൊണ്ടു വച്ചിട്ടുണ്ടോ എന്ന് ഇനി തുടരൻ പുസ്തകങ്ങൾ വരുമ്പോൾ അറിയാം. ഇതെങ്ങനെ സംഭവിച്ചു എന്നാണെങ്കിൽ കഥ തുടങ്ങാം.
ബ്രിട്ടീഷ് പോലീസിൽ ചാരപ്രമുഖനായിരുന്ന ശ്രീകോണ്ട് ജോയിറോൺജോൺ ദാസ് എന്ന ലവനെ കണ്ടോ! അവനാണ് വില്ലൻ. രഹസ്യ പോലീസ്! ബ്രിട്ടീഷുകാർക്കെതിരെ ചെറുവിരലനക്കുന്നവനെപ്പോലും പിടിച്ചകത്തിട്ട് ചതയ്ക്കുന്നവരുടെ വേട്ടപ്പട്ടി. അങ്ങനെയൊരു നായയായിരുന്നു നീര ആര്യയുടെ ഭർത്താവ്.
ഗാന്ധിജിയുടെ അഴകൊഴമ്പൻ സമാധാനം വിട്ട് സുഭാഷ് ചന്ദ്രബോസിൻ്റെ വെട്ടൊന്ന് മുറി രണ്ട് പരിപാടിയുടെ കൂടെ കൂടിയതാണ് നീര ആര്യ! കറയെല്ലാം ജന്മനാട്ടിലൊഴുക്കിക്കളഞ്ഞ ദേശീയ വാദിനി! ഫലമെന്ത്? കണവൻ ബ്രിട്ടീഷ് വേട്ടപ്പട്ടിയല്ലേ? ഒരു നാൾ അവൻ അവൾക്കുനേരയും കുരച്ചു ചാടി.
നീര ആര്യാ ആരാ മോൾ! സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം, ഝാൻസി റെജിമെന്റിലെ പറന്നു വെട്ടുന്ന പോരാളി! ചുമ്മാ വീട്ടിലുണ്ടുറങ്ങി സീരിയലു കണ്ടുകഴിഞ്ഞവളല്ല നീര. നീരയുടെ ഭർത്താവ് ഇൻസ്പെക്ടർ ജോയ്റോൺജോൺദാസ് സുഭാഷ് ചന്ദ്രബോസിൻ്റെ പിന്നാലെ മണപ്പിച്ച് നടക്കുകയായിരുന്നു. വിക്ടർ യൂഗോവിൻ്റെ “പാവങ്ങൾ ” വായിച്ചിട്ടില്ലേ? വായിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല.
അതിൽ ഴാങ് വാൽ ഴാങ്ങിനു പിന്നലെ പാത്തും പതുങ്ങിയും പിൻതുടരുന്ന ഴാവേർ എന്നൊരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. ! ആ വലിയകഴുവേറിയുടെ കൊച്ചു മോനായിരുന്നു ജോൺ ദാസ് എന്ന കൊച്ചു കഴുവേറി. അയാൾ ഒരിക്കൽ നമ്മുടെ സുഭാഷ് ചന്ദ്രബോസിന് നേരെ വെടിയുതിർത്തവനാണ്. പക്ഷേ ബോസല്ലേ മോൻ! അവൻ്റെ ഒരു വെടിയുണ്ട ഫൂ! വെടിയുണ്ട പേടിച്ചു പോയി. അങ്ങനെ പരിക്കൊന്നുമേൽക്കാതെ സുഭാഷ് ചന്ദ്രൻ രക്ഷപ്പെട്ടു.
എന്നിട്ടും ബോസിനു പിന്നാലെ തക്കം പാർത്തു നടപ്പായപ്പോൾ സഹികെട്ട ഭാര്യ, ഭർത്താവിനെ ചെയ്തതെന്തെന്നോ! അങ്ങ് കുത്തിക്കൊന്നു. അത്ര തന്നെ. ശല്യം തീർന്നല്ലോ!. ഇന്നാർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ ഇങ്ങനെയൊരു കുത്ത്. നോക്കണേ, അക്കാലത്തെ പെണ്ണുങ്ങളുടെ ഒരു രാജ്യ സ്നേഹം!. ഇന്നാണെങ്കിൽ ചേട്ടന് പ്രൊമോഷൻ കിട്ടുന്ന ഏർപ്പാടല്ലേ എന്ന് വിചാരിച്ച് രഹസ്യങ്ങൾ മണിമണിയായങ്ങ് പറഞ്ഞേനേ.!
എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടി ഇംഗ്ലീഷിൽതല്ലുകൊള്ളുന്ന കാലത്തെ ഭാര്യമാർ ഇങ്ങനെ ഭർത്താക്കന്മാരെ ഒറ്റക്കുത്തിന് ഉയിരെടുക്കാൻ തുടങ്ങിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയേ !. ആലോചന പോലെയാണോ ഇത്. സ്വന്തം ഭർത്താവിനെ കുത്തിക്കൊല്ലുക എന്നൊക്കെപ്പറഞ്ഞാൽ….!
ഐ എൻ എ യുടെ പരാജയത്തിനു ശേഷം ഒരു വിചാരണ ചെങ്കോട്ടയിൽ നടന്നു! 1945 നവംബറിലും 1946 മെയിലും. നീര ഒഴികെയുള്ള എല്ലാ തടവുകാരെയും വിട്ടയച്ചു. അവളെ ആൻഡമാനിലെ സെല്ലൂലാർ ജയിലിലേക്ക് കൊണ്ടുപോയി. അവിടെ അവൾ എല്ലാ ദിവസവും മൃഗീയമായി പീഡിപ്പിക്കപ്പെട്ടു. അത് പിന്നെ ടി ഡി രാമകൃഷ്ണൻ സുഗന്ധിയിൽ പറഞ്ഞമാതിരിയായിരുന്നു.
ഒന്ന് രണ്ട് കാര്യങ്ങൾ പറയാം. സ്ത്രീകളും കുട്ടികളും വായിക്കരുത്. നീരയുടെ കൈകാലുകളിൽ അണിയിച്ച ഇരുമ്പ് ചങ്ങലകളും വിലങ്ങുകളും അഴിക്കാൻ വന്ന കല്പണിക്കാരൻ ചെയ്തതെന്തന്നോ? ചങ്ങല നീക്കം ചെയ്യവേ മനപ്പൂർവ്വം അവളുടെ തൊലി കൂടി അങ്ങ് ചേർത്ത് വെട്ടി. ചുറ്റിക കൊണ്ട് അവളുടെ കാലുകളുടെ കൊണ്ടയ്ക്ക് രണ്ടുമൂന്നു തവണ അടിക്കുകയും ചെയ്തു. പ്രാണൻ എടുക്കുന്ന അസഹനീയമായ ആ വേദനയിൽ മീര പുളഞ്ഞു. അപ്പോഴും അവൾ പാടി അവൾ സഹിച്ചു അവൾ പാടിയതോ ഭാരത് മാതാ കീ ജയ് എന്നാണ്. ഇത് കേൾക്കുമ്പോൾ തമ്മുടെ കമ്മ്യൂണിസ്റ്റ്കാർക്കിപ്പോൾ ഹാലിളകും. സംഘിപ്പാട്ടെന്ന് പറയും!.
കൊല്ലൻ്റെ ചെയ്ത്ത് കണ്ട് ത്രില്ലടിച്ച ജയിൽ സൂപ്രണ്ട് ആ നാല്പത്തിരണ്ടുകാരിയ്ക്കൊരു സൗജന്യമനുവദിച്ചു നോക്കി. “നിന്റെ സുഭാഷ് ബോസ് എവിടെയാണെന്ന് വെളിപ്പെടുത്തിയാൽ നീരേ, നിന്നെ തുറന്നു വിടാം”. നീര തുറിച്ചു നോക്കിയപ്പോൾ അയാൾ വീണ്ടും പറഞ്ഞു. “ഒള്ളത്! ഞാനാ പറയുന്നത്. ആ വിവരം വെളിപ്പെടുത്തിയാൽ ആ ക്ഷണം നിന്നെ തുറന്നു വിടും”.
” അതിന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിവുള്ളതല്ലേ, ബോസ് ഒരു വിമാനാപകടത്തിൽ മരിച്ചില്ലേ.? ലോകം മുഴുവൻ അത് അറിഞ്ഞില്ലേ? ഇതേത് പൊട്ടൻ വന്നിരിക്കുന്നു”. നീര മറുപടി നൽകി. ജയിലർ വിശ്വസിച്ചില്ല. ” അത് കള! നീ നുണ പറയുകയാണ് നീരാ ബോസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്;” അത് കഴിഞ്ഞ് ഒരു ചിരി കൂടിയാകാം.
അപ്പോൾ നീര പറയുന്നു. “അതേ! ശരിയാണ്! ബോസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എൻ്റെ ഹൃദയത്തിൽ. ബോസ് എൻ്റെ ഹൃദയത്തിൽ ജീവിച്ചിരിപ്പുണ്ട്”. ഇത് കേട്ട് വിറളിപൂണ്ട സൂപ്രണ്ട് ആക്രോശിച്ചു. “എങ്കിൽ നിൻ്റെ ഹൃദയത്തിൽ നിന്ന് അവനെ ഞാൻ മുറിച്ചു മാറ്റും”. അനന്തരം നാല്പത്തിമൂന്നുകാരിയായ നീരയുടെ മാറിടത്തിലെ വസ്ത്രം വലിച്ചു കീറിക്കൊണ്ട് കൊല്ലനോട് കൽപ്പിച്ചു: ” ങും! ഹൃദയത്തിൽ നിന്നവനെ പിടിച്ച് പുറത്തിട്”. കൊല്ലൻ കൊല്ലുന്നൊരു നോട്ടവുമായി മാറിടത്തിൽ നോക്കി നിന്നപ്പോൾ സൂപ്രണ്ട് അലറി. “നോക്കിനിൽക്കാതെ പണി തുടങ്ങ്. അതങ്ങ് ചെത്തിയെടുക്ക്”. “യേമാനേ ചെത്താൻ പറ്റത്തില്ല. പറിച്ചെടുക്കാം”. അനന്തരം ഒരു മുലപറിച്ചിൽ യന്ത്രം കൊണ്ട് അവളുടെ വലത്തെ മാറിടം അറുത്തെടുത്തു. കാര്യങ്ങൾ അവിടം കൊണ്ടും നിന്നില്ല.
സൂപ്രണ്ട് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ടലറി. “നിൻ്റെ രണ്ട് മുലകളും നിൻ്റെ നെഞ്ചിൽ നിന്ന് ഞാൻ അടർത്തി മാറ്റും”. അയാൾ ഒരു വികൃതമായ ചിരിയോടെ പിന്നെയും വിളിച്ചു കൂവി. പിന്നെ ചൂടാക്കിയ മുലപറിച്ചിൽ യന്ത്രം കൊണ്ടു അവളുടെ മാറത്തൊരു പൊങ്കാലയായിരുന്നു. അങ്ങനെ അവളുടെ സ്തനങ്ങൾ സ്വാതന്ത്രൃത്തിന് ദാനമായി.
“ഭരണമായ് പണ്ടാരമായ് ” പിന്നെ കോൺഗ്രസ്സായ് ഇന്ത്യ നിറഞ്ഞു നിന്നപ്പോൾ ആരോർക്കാൻ നീര ആര്യയെ?. നീര ആര്യയെ ആരുമറിഞ്ഞില്ല ജീവിതത്തിൻ്റെ അവസാന നാളുകളിൽ പൂക്കൾ വിറ്റഴിച്ചു, ഭാഗ്യനഗരത്തിലെ ഒരു കുടിലിലാണ് ചുരുണ്ടു കൂടിയത്. സ്വതന്ത്ര ഭാരത സർക്കാർ അവരുടെ കുടിൽ പുറംപോക്ക്ഭൂമിയിലാണ് ചായ്ച്ചു കെട്ടിയത്. അത് നോട്ടീസ് കൊടുക്കാതെ പൊളിച്ചു നീക്കി. 1998 ലാണ് നീര ആര്യ അന്തരിച്ചത്. ജൂലൈ 26 ന്!. ഒരു വാർത്താഘോഷങ്ങളുമില്ലാതെ!