മസ്കത്ത് : ഒമാൻ വേദിയായ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ പ്രാഥമിക മത്സരങ്ങൾക്കു പിച്ച് ഒരുക്കിയതു മലയാളിയായ സി. കെ. അനൂപ്. ക്രിക്കറ്റിൽ തലശേരിയുടെ രാജകീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയാണു ചീഫ് ക്യൂറേറ്ററുടെ കുപ്പായത്തിലൂടെ അനൂപ്.
ബോളിങ്ങിനും ബാറ്റിങ്ങിനും ഒരുപോലെ സഹായകമാകുന്ന വിക്കറ്റുകളാണ് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയത്. സമാന സ്വഭാവമുള്ള 3 വിക്കറ്റുകളുണ്ട്. ആതിഥേയരായ ഒമാനു പുറമേ ബംഗ്ലാദേശ്, സ്കോട്ലൻഡ്, പാപ്പൂവ ന്യുഗിനി എന്നീ ടൂമുകൾ ആണ് ഈ സ്റ്റേഡിയത്തിൽ കളിച്ചത്.
ഈ മത്സരങ്ങൾ ഇന്ത്യയിൽ നടക്കേണ്ടതായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒമാനിലും യുഎഇയിലുമായി മാറ്റിയതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യാന്തര മത്സരത്തിനുള്ള വിക്കറ്റ് ഒരുക്കുകയെന്ന വെല്ലുവിളിയാണ് അനൂപും സഹപ്രവർത്തകരും ഏറ്റെടുത്തത്.
വിക്കറ്റിനെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) മികച്ച അഭിപ്രായവും രേഖപ്പെടുത്തി. ബിസിസി ക്യുറേറ്ററായ അനൂപ് 2016 ലാണ് ഒമാനിലെത്തിയത്. തൊട്ടടുത്ത വർഷം മുതൽ വിക്കറ്റ് ഒരുക്കാൻ തുടങ്ങി. ഒട്ടേറെ ഏകദിന, ട്വന്റി 20 മത്സരങ്ങൾക്ക് അനൂപ് വിക്കറ്റ് ഒരുക്കിയിട്ടുണ്ട്. തലശ്ശേരി നെട്ടൂർ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്നു.
മധ്യനിര ബാറ്റർ കൂടിയായ ഇദ്ദേഹം ബിസിസിഐ ലെവൽ വൺ അംപയർ കൂടിയാണ്. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസ് സെക്രട്ടറി ആയിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.