കാബൂൾ: ഭീകരതയ്ക്കെതിരെ പോരാടുമെന്ന അവകാശവാദവുമായി താലിബാൻ. അഫ്ഗാനിസ്താനിലെ ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന ഐ.എസിന്റെ ഭീഷണിക്ക് പിന്നാലെയാണ് താലിബാൻ ഭീകരത വച്ചുപൊറിപ്പിക്കില്ലെന്ന പ്രസ്താവന നടത്തിയത്.
ഭരണത്തിൽ ഭീകരരുടെ ഒരു വിധത്തിലുള്ള കൈകടത്തലും അനുവദിക്കില്ലെന്നും താലിബാൻ ഭീകരനേതാക്കൾ പറഞ്ഞു. ആഗസ്റ്റ് മാസം മുതൽ നടന്ന എല്ലാ ഭീകരാക്രമ ണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഐ.എസ്.ഭീകരരെ തടവിലാക്കി യെന്നാണ് താലിബാൻ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചത്.
അഫ്ഗാനിൽ നിരവധി ബോംബ് സ്ഫോടനങ്ങളാണ് ഐ.എസ് പദ്ധതിയിട്ടത്. ചിലത് വിജയി ച്ചെങ്കിലും ഭൂരിഭാഗവും ഇല്ലാതാക്കാൻ തങ്ങൾക്ക് സാധിച്ചെന്നും താലിബാൻ പറയുന്നു. ഷിയാ വിഭാഗത്തിന്റെ രണ്ട് പള്ളികൾക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തര വാദിത്തം ഐ.എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഭീകരർക്കെതിരെ താലിബാൻ പ്രസ്താവന നടത്തിയത്.
കുന്ദൂസിലും ഖാണ്ഡഹാറിലുമാണ് ഐ.എസ് പള്ളികൾ ആക്രമിച്ചത്. ഈ മാസം 15ന് 63 പേരും മറ്റൊരു ബോംബ് സ്ഫോടനത്തിൽ 50 പേരും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ എല്ലായിടത്തും ഷിയാ മുസ്ലീം സമൂഹത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഐ.എസ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ്.
ഐ.എസ്.ഖൊറാസൻ വിഭാഗം മുൻ ഭരണകൂടത്തിനെതിരെ താലിബാനൊപ്പം നിന്നാണ് വിവിധ പ്രവിശ്യകൾ പിടിച്ചെടുത്തതെന്നതും അമേരിക്ക വെളിപ്പെടുത്തിയിരുന്നു. കാബൂൾ വിമാനത്താവളത്തിന് പുറത്ത് 13 അമേരിക്കൻ സൈനികരെ ചാവേർ ആക്രമത്തിലൂടെ കൊലപ്പെടുത്തിയതും ഐ.എസ് ആയിരുന്നു.